ലോകത്തിന്റെ സഹനത്തിനിടയില്‍ പ്രത്യാശയുടെ സ്രഷ്ടാക്കളാകുക: മാര്‍പാപ്പ

2016 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ദരിദ്രരുടെ ആഗോളദിനാചരണം സ്ഥാപിച്ചത്
ലോകത്തിന്റെ സഹനത്തിനിടയില്‍ പ്രത്യാശയുടെ സ്രഷ്ടാക്കളാകുക: മാര്‍പാപ്പ

ലോകത്തിന്റെ സഹനത്തിനും അന്ധകാരത്തിനുമിടയില്‍ പ്രത്യാശയുടെ അശ്രാന്ത സ്രഷ്ടാക്കളായി ക്രൈസ്തവര്‍ വര്‍ത്തിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ദാരിദ്ര്യമെന്ന യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ ക്രൈസ്തവര്‍ ചെയ്യേണ്ടതെന്താണെന്നു സ്വയം ചോദിക്കുക. ഇന്നത്തെ വേദനകളെ സുഖപ്പെടുത്തിക്കൊണ്ട് നാളെയുടെ പ്രത്യാശയെ പോഷിപ്പിക്കുകയാണു നാം ചെയ്യേണ്ടത് - മാര്‍പാപ്പ വിശദീകരിച്ചു. ആഗോള ദാരിദ്ര്യദിനം ആചരിച്ച ദിവസം ദിവ്യബലിയില്‍ സുവിശേഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സെ. പീറ്റേഴ്‌സ് ബസിലിക്കയിലെ ദിവ്യബലിയില്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരും അവരെ സഹായിക്കുന്നവരുമായ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു.

മൂര്‍ത്തമായ നടപടികള്‍ സ്വീകരിക്കുക സുപ്രധാനമാണെന്നും ദരിദ്രര്‍ക്കു പ്രത്യാശ നല്‍കാന്‍ അവരെ സമീപിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. കാര്യങ്ങള്‍ നാളെ മെച്ചപ്പെട്ടുകൊള്ളുമെന്ന നിഷ്‌ക്രിയമായ പ്രതീക്ഷയോടു, സുവിശേഷത്തില്‍ നിന്നു ജനിക്കുന്ന പ്രത്യാശയ്ക്കു ബന്ധമൊന്നുമില്ല. ദൈവത്തിന്റെ രക്ഷയുടെ വാഗ്ദാനം അനുദിനം യാഥാര്‍ത്ഥ്യമാക്കുകയാണു വേണ്ടത്. ക്രൈസ്തവമായ പ്രത്യാശ വെറും ശുഭാപ്തിവിശ്വാസമല്ല - മാര്‍പാപ്പ വിശദീകരിച്ചു.

കാരുണ്യവര്‍ഷാചരണത്തിന്റെ സമാപനത്തില്‍, 2016 ലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ദരിദ്രരുടെ ആഗോളദിനാചരണം സ്ഥാപിച്ചത്. ക്രിസ്തുവിന്റെ രാജത്വതിരുനാളിനു മുമ്പുള്ള ഞായറാഴ്ചയാണത് ആചരിച്ചു വരുന്നത്. അസീസിയിലേയ്ക്കു നടത്തിയ യാത്രയോടെയാണ് ഈ വര്‍ഷത്തെ ദരിദ്രദിനാചരണം പാപ്പ ആരംഭിച്ചത് അവിടെ അഞ്ഞൂറോളം പാവപ്പെട്ട മനുഷ്യരുമൊത്ത് പാപ്പ സമയം ചിലവഴിക്കുകയും അവരുടെ അനുഭവവിവരണങ്ങള്‍ ശ്രവിക്കുകയും ചെയ്തു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org