ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി വത്തിക്കാനിലെത്തി, ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മധ്യപൂര്‍വദേശത്തെ ക്രൈസ്തവസാന്നിദ്ധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇരുവരും പ്രധാനമായും സംസാരിച്ചത്. ഇറാഖിലെ ക്രിസ്ത്യാനികളുടെ എണ്ണം കുത്തനെ കുറയുന്ന പ്രശ്‌നം ചര്‍ച്ചയിലുയര്‍ന്നു വന്നു. 2003 ല്‍ 14 ലക്ഷം ക്രൈസ്തവരുണ്ടായിരുന്ന രാജ്യമാണ് ഇറാഖ്. ഇപ്പോള്‍ ക്രൈസ്തവരുടെ എണ്ണം രണ്ടര ലക്ഷത്തിലേക്കു താഴ്ന്നു.
ലോകത്തിലെ ഏറ്റവും പുരാതനമായ ക്രൈസ്തവസമൂഹങ്ങളിലൊന്നാണ് ഇറാഖിലേതെന്ന് ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ചരിത്രപരമായ ഈ സാന്നിദ്ധ്യം നിലനിറുത്തുന്നതിനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. മറ്റെല്ലാ പൗരന്മാര്‍ക്കും ഉള്ള അവകാശങ്ങളും കടമകളും തന്നെയായിരിക്കണം ഇറാഖിലെ ക്രൈസ്തവര്‍ക്കും ഈ രാജ്യത്തിലുണ്ടാകേണ്ടത്. -പാപ്പാ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിച്ചിരുന്നു. ചരിത്രപ്രധാനമായ ഈ സന്ദര്‍ശനവും ചര്‍ച്ചാവിഷയമായി.