അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ ക്രൈസ്തവര്‍ രംഗത്ത്

അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ ക്രൈസ്തവര്‍ രംഗത്ത്

മര്‍ദ്ദനമനുഭവിക്കുന്ന ക്രൈസ്തവരേയും മറ്റുള്ള അഭയാര്‍ത്ഥികളേയും അമേരിക്കയിലേയ്ക്ക് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ ക്രൈസ്തവര്‍ സമരം നടത്തി. അമേരിക്കയിലേയ്ക്കു സ്വീകരിക്കുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവു വരുത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരെയാണു സമരം.

മധ്യപൂര്‍വദേശത്തും മറ്റും മാതൃരാജ്യം വിട്ടു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന ക്രൈസ്തവര്‍ക്ക് അമേരിക്ക സ്വാഗതമോതുമെന്ന് വൈസ് പ്രസിഡന്‍റ് മൈക് പെന്‍സ് കഴിഞ്ഞ വര്‍ഷം പരസ്യമായി പ്രസ്താവിച്ചുവെങ്കിലും പ്രായോഗിക നടപടികളിലേയ്ക്കു കടക്കുമ്പോള്‍ അതുണ്ടാകുന്നില്ലെന്നു സമരക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ട്രംപ് ഭരണകൂടം അനുവദിച്ച അഭയാര്‍ത്ഥികളുടെ എണ്ണം തീരെ കുറഞ്ഞുവെന്ന് അവര്‍ കുറ്റപ്പെടുത്തി. 2018-ല്‍ 14,289 ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ അമേരിക്കയിലേയ്ക്കു സ്വീകരിച്ചുവെന്ന കണക്ക് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്‍റ് തന്നെ പുറത്തു വിട്ടിരുന്നു. 2017-ല്‍ ഇത് 25,162 പേരായിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 75,000 ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ അമേരിക്കയിലേയ്ക്കു പ്രവേശിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവുമധികം മനുഷ്യര്‍ അഭയാര്‍ത്ഥികളായിരിക്കുന്ന കാലമാണിത്. 60 ലക്ഷം പേര്‍. മറ്റുരാജ്യങ്ങളെല്ലാം ലക്ഷകണക്കിന് അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ അമേരിക്ക മാത്രം ഇതിനു പുറം തിരിഞ്ഞു നില്‍ക്കുകയാണ്. ഇതു തിരുത്തപ്പെടണം – പ്രസിഡന്‍റിന്‍റെ വസതിക്കു മുമ്പില്‍ സമരം നടത്തുന്ന വിശ്വാസികള്‍ ആവശ്യപ്പെട്ടു. മനുഷ്യവംശത്തെയാകെ ഒരു കുടുംബമായി കാണുന്നതിനു പകരം ഭിന്നിപ്പിക്കാനും അഭയാര്‍ത്ഥി- കുടിയേറ്റ വിരുദ്ധ വികാരം വളര്‍ത്താനുമാണ് ഭരണകൂടം ശ്രമിക്കുന്നതെന്നു അവര്‍ കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org