
നൈജീരിയായില്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്യുന്നതു വര്‍ദ്ധിച്ചിരിക്കെ ഭരണകൂടത്തിന്റെ കാര്യക്ഷമതയെ ചോദ്യം ചെയ്ത പ്രമുഖ മെത്രാനെ സുരക്ഷാസേന ചോദ്യം ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നു. നൈജീരിയായുടെ വിധി പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ സര്‍ക്കാര്‍ കുറ്റവാളികള്‍ക്കു വിട്ടുകൊടുത്തിരിക്കുന്നതു പോലെയാണെന്നു തോന്നുന്നതെന്നു ക്രിസ്മസ് സന്ദേശത്തില്‍ ബിഷപ് മാത്യൂ കുക്കാ വിമര്‍ശിച്ചിരുന്നു.
ഇസ്ലാമിക ഭീകരസംഘടനതായ ബോകോ ഹരാം തട്ടിയെടുത്ത നൂറിലേറെ പെണ്‍കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. നൂറു കണക്കിനു മറ്റു കുട്ടികളും പലയിടത്തായി തട്ടിയെടുക്കപ്പെട്ടിട്ടുണ്ട്. തിന്മ പൂര്‍ണമായി പിടിമുറുക്കി കഴിഞ്ഞു. വടക്കന്‍ സംസ്ഥാനങ്ങളില്‍ മുമ്പെങ്ങുമില്ലാത്ത ക്രൂരതകളാണ് അരങ്ങേറുന്നത്. നിരപരാധികളായ ജനങ്ങള്‍ അവരുടെ ഉറക്കത്തിലും കൃഷിയിടങ്ങളിലും വിപണികളിലും ഹൈവേകളിലുമെല്ലാം ചവിട്ടിവീഴ്ത്തപ്പെടുകയും തിന്മയുടെ ദൈവങ്ങള്‍ക്കു ബലിയര്‍പ്പിക്കപ്പെടുകയും ചെയ്യുന്നു. -ബിഷപ് ക്രിസ്മസ് സന്ദേശത്തില്‍ എഴുതി.
നൈജീരിയായില്‍ കഴിഞ്ഞ ക്രിസ്മസ് രാത്രിയിലും ഒരു കത്തോലിക്കാ പുരോഹിതന്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യത്ത് കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ ആകെ അറുപതിനായിരത്തോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. 2021 ലെ ആദ്യത്തെ 200 ദിവസങ്ങള്‍ക്കുള്ളില്‍ 3462 ക്രൈസ്തവരാണു കൊല്ലപ്പെട്ടത്. ഒരു ദിവസം ശരാശരി 17 ക്രൈസ്തവര്‍ വീതം. മുസ്ലീം തീവ്രവാദസംഘടനകളാണ് മിക്കവാറും കൊലകള്‍ ചെയ്തത്.