
ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ നുബാ മലമ്പ്രദേശത്തു സേവനം ചെയ്യുന്ന ഡോക്ടര്‍ ടോം കറ്റിനായുടെ സേവനം ലഭിക്കുന്നത് പത്തു ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക്. ഈ പ്രദേശത്തെ ഏക സര്‍ജനാണ് ഡോ. കറ്റിനാ. കത്തോലിക്കാവിശ്വാസമില്ലായിരുന്നെങ്കില്‍ 14 വര്‍ഷമായി ഈ ജോലി ചെയ്തുകൊണ്ടിരിക്കാന്‍ തനിക്കു സാധിക്കുമായിരുന്നില്ലെന്നു അദ്ദേഹം പറയുന്നു. തന്റെ സഹോദരങ്ങളില്‍ ഏറ്റവും എളിയവര്‍ക്കു വേണ്ടി സേവനം ചെയ്യണമെന്ന ക്രിസ്തുവിന്റെ കല്‍പന അക്ഷരാര്‍ത്ഥത്തില്‍ എടുത്തുകൊണ്ടുള്ളതാണ് തന്റെ പ്രവര്‍ത്തനമെന്നും ഡോക്ടര്‍ പറഞ്ഞു.
മദര്‍ ഓഫ് മെഴ്‌സി ഹോസ്പിറ്റല്‍ എന്ന കത്തോലിക്കാസഭയുടെ ആശുപത്രിയിലാണ് ഡോക്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം 1.6 ലക്ഷം രോഗികള്‍ വരികയും 2,100 ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്യുന്ന ആശുപത്രിയാണിത്. വടക്കന്‍ സുഡാനില്‍ നിന്നു വരുന്ന രോഗികളിലേറെയും ജീവിതത്തില്‍ ഒരു ക്രിസ്ത്യാനിയെ കണ്ടിട്ടില്ലാത്തവരാണ്. അതുകൊണ്ട് ആതുരശുശ്രൂഷാ രംഗത്തെന്നതു പോലെ സുവിശേഷപ്രഘോഷണരംഗത്തും വലിയ സേവനമാണ് ഈ ആശുപത്രി ചെയ്യുന്നതെന്നു അമേരിക്കന്‍ പൗരനായ ഡോക്ടര്‍ കറ്റിനാ വ്യക്തമാക്കി.
ആഭ്യന്തര സംഘര്‍ഷങ്ങളും ദാരിദ്ര്യവും മൂലം ദുരിതമനുഭവിക്കുന്നവയാണ് ഉത്തര, ദക്ഷിണ സുഡാനുകള്‍.