വധശിക്ഷ ഒഴിവായ പാക് ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് യൂറോപ്പില്‍ അഭയം

വധശിക്ഷ ഒഴിവായ പാക് ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് യൂറോപ്പില്‍ അഭയം
Published on

മതദൂഷണക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 7 വര്‍ഷം ജയിലില്‍ കഴിഞ്ഞ പാക്കിസ്ഥാനിലെ ക്രൈസ്തവദമ്പതിമാരായ ഷാഗുഫ്ത കൗസറിനും ഷാഫ്ഖത് എമ്മാനുവലിനും ഒടുവില്‍ മോചനം. ലാഹോര്‍ ഹൈക്കോടതിയാണ് അപ്പീല്‍ സ്വീകരിച്ച്, സെഷന്‍സ് കോടതിയുടെ വധശിക്ഷ റദ്ദാക്കിയത്. കോടതി വിട്ടയച്ചാലും ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി മൂലം പാക്കിസ്ഥാനില്‍ ഇവരുടെ തുടര്‍ജീവിതം ദുഷ്‌കരമായിരിക്കും. ഇതിനാലാണ് മനുഷ്യാവകാശസംഘടനകളുടെ ഇടപെടലിനെ തുടര്‍ന്ന് യൂറോപ്പ് ഇവര്‍ക്ക് അഭയം നല്‍കിയത്. രാജ്യം ഏതെന്നു സുരക്ഷാകാരണങ്ങളാല്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടില്ല.
മാതൃരാജ്യത്തെ താമസം വിലക്കപ്പെടുന്നതില്‍ ദുഃഖമുണ്ടെങ്കിലും സുരക്ഷിതമായി കഴിയാമെന്നതില്‍ ആശ്വാസമുണ്ടെന്ന് ദമ്പതിമാര്‍ പറഞ്ഞു. മൂന്നു മക്കളാണ് ഇവര്‍ക്ക്. വളരെയധികം ദുരുപയോഗിക്കപ്പെടുന്ന പാക്കിസ്ഥാനിലെ മതദൂഷണനിയമം റദ്ദാക്കപ്പെടാന്‍ തങ്ങളുടെ കേസും വിചാരണയും വിധിയും ഇടയാക്കട്ടെ എന്ന പ്രത്യാശയും അവര്‍ പങ്കു വച്ചു.
ഷാഗുഫ്തായുടെ പേരിലുള്ള മൊബൈല്‍ ഫോണില്‍ നിന്ന് ഒരു മുസ്ലീം പുരോഹിതന് ഇസ്ലാം വിരുദ്ധ സന്ദേശം അയച്ചുവെന്നതായിരുന്നു കേസ്. എന്നാല്‍ എഴുത്തും വായനയും അറിയാത്തവരാണ് ദമ്പതിമാര്‍. ഫോണ്‍ അവരുടെ കൈയില്‍ നിന്നു നഷ്ടമായിരുന്നതുമാണ്.
മുമ്പ് സമാനമായ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും എട്ടു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം സുപ്രീം കോടതിയില്‍ നിന്നു കുറ്റവിമുക്തി ലഭിക്കുകയും ചെയ്ത ആസ്യ ബിബിയുടെ കേസ് വാദിച്ച അഭിഭാഷകനായ സൈഫുല്‍ മാലൂക് ആണ് ഇവരുടെയും കേസ് വാദിച്ചത്. അമേരിക്കയിലും യൂറോപ്പിലും ഓഫീസുകളുള്ള എ ഡി എഫ് ഇന്റര്‍നാഷണല്‍ എന്ന മനുഷ്യാവകാശസംഘടനയാണ് കേസു നടത്തിയത്. ആസ്യ ബിബിയുടെ കേസിനേക്കാള്‍ സമഗ്രമാണ് ഈ കേസിലെ വിധിന്യായമെന്നും ഇലക്‌ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ മതദൂഷണക്കുറ്റം ആരോപിക്കുന്നതു സംബന്ധിച്ച സുപ്രധാന നിരീക്ഷണങ്ങള്‍ വിധിയിലുണ്ടെന്നും ഇതു ഭാവിയിലും ഗുണകരമാകുമെന്നും അഭിഭാഷകന്‍ പറഞ്ഞു. മതദൂഷണത്തിന് വധശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്ന പാക്കിസ്ഥാനിലെ ഈ നിയമം ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും പ്രാകൃതമായ നിയമങ്ങളിലൊന്നായി കരുതപ്പെടുന്നു.
കാനഡ അഭയം കൊടുത്തതിനെ തുടര്‍ന്ന് ആസ്യ ബിബിയും കുടുംബവും ഇപ്പോള്‍ അവിടെയാണുള്ളത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org