‘ക്രിസ്തു ജീവിക്കുന്നു’ : യുവജനങ്ങള്‍ക്കുള്ള മാര്‍പാപ്പയുടെ അപ്പസ്തോലിക പ്രബോധനം

‘ക്രിസ്തു ജീവിക്കുന്നു’ : യുവജനങ്ങള്‍ക്കുള്ള മാര്‍പാപ്പയുടെ അപ്പസ്തോലിക പ്രബോധനം
Published on

യുവജനങ്ങള്‍ക്കുള്ള അപ്പസ്തോലിക പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പു വെച്ചു പുറപ്പെടുവിച്ചു. ഇറ്റലിയിലെ ലൊറേറ്റോ മാതാവിന്‍റെ തീര്‍ത്ഥകേന്ദ്രത്തില്‍ വച്ചു പ.മറിയത്തിന്‍റെ മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തില്‍ ഒപ്പു വച്ച പ്രബോധനത്തിന്‍റെ പേര് 'ക്രിസ്തു ജീവിക്കുന്നു' എന്നാണ്. കഴിഞ്ഞ ഒക്ടോബറില്‍ യുവജനങ്ങളെ കുറിച്ചു നടത്തിയ ആഗോള സിനഡിന്‍റെ ഫലമാണ് ഈ പ്രബോധനം.

മൂന്നു ഭാഗങ്ങളാണ് ഈ പ്രബോധനത്തിനുള്ളതെന്നു മാര്‍ പാപ്പ പറഞ്ഞു. മറിയത്തിന്‍റെ മംഗളവാര്‍ത്തയുമായി ബന്ധപ്പെടുത്തി പാപ്പ ഇതു വിശദീകരിച്ചു. കേള്‍ക്കുക എന്നതാണ് ഒന്നാമത്തെ ഭാഗം. ദൈവത്തിന്‍റെ വിളി കേള്‍ക്കുക. മാലാഖയുടെ വാക്കുകളിലൂടെ മാതാവ് ദൈവവിളി കേട്ടു. ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുന്നതിനു യുവജനങ്ങള്‍ നിശബ്ദതയിലും നിശ്ചലതയിലും സമയം ചിലവഴിക്കേണ്ടതുണ്ട്. അല്ലെങ്കില്‍, ബഹളങ്ങള്‍ക്കിടയില്‍ ദൈവസ്വരം കേള്‍ക്കാതെ പോകും. അടുത്ത ഘട്ടം കേട്ട ശബ്ദം വിവേചിച്ചറിയുക എന്നതാണ്. 'ഇതെങ്ങനെ സംഭവിക്കും' എന്നു തനിക്കുള്ള വിളി കേട്ടപ്പോള്‍ മറിയം ചോദിക്കുന്നുണ്ട്. ഇത് സംശയമോ വിശ്വാസരാഹിത്യമോ അല്ല. മറിച്ചു ദൈവത്തിനു തന്നെ കുറിച്ചുള്ള പദ്ധതി കണ്ടെത്താനുള്ള ആഗ്രഹമാണ്. തന്നെ കുറിച്ചുള്ള ദൈവികപദ്ധതിയുടെ വിവിധ വശങ്ങളറിയുന്നത് തന്‍റെ സഹകരണം കൂടുതല്‍ ഉത്തരവാദിത്വമുള്ളതും സമ്പൂര്‍ണവുമാക്കാന്‍ ഉപകരിക്കും – മാര്‍പാപ്പ വിശദീകരിച്ചു.

മൂന്നാമത്തെ ഘട്ടം തീരുമാനത്തിന്‍റേതാണ് – പാപ്പാ തുടര്‍ന്നു. മംഗളവാര്‍ത്ത അറിയിച്ച മാലാഖയോടുള്ള പ്രതികരണത്തില്‍ മാതാവിന്‍റെ തീരുമാനം വ്യക്തമാക്കപ്പെട്ടു. തന്‍റെ ജീവിതം മുഴുവന്‍ മാതാവ് ദൈവത്തിനു വിട്ടു കൊടുക്കുന്നു. ദൈവഹിതത്തോടുള്ള പൂര്‍ണമായ സമ്മതവും തുറവിയുമാണ് അത്. അതിനാല്‍ സ്വജീവിതത്തെക്കുറിച്ചുള്ള ദൈവികപദ്ധതി ആരായുന്ന യുവജനങ്ങള്‍ക്ക് അനുകരിക്കാവുന്ന മാതൃകയാണു മറിയം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org