
ഇറ്റലിയുടെ തീരത്തേക്ക് എത്താനുള്ള ശ്രമത്തിനിടയില്‍ ബോട്ട് തകര്‍ന്ന് 59 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും സഭാനേതാക്കളും ദുഃഖം രേഖപ്പെടുത്തി. കൂടുതല്‍ പേര്‍ കടലില്‍ കാണാതായിട്ടുണ്ട്. ഇറ്റാലിയന്‍ അധികാരികള്‍ തിരച്ചില്‍ നടത്തുന്നുണ്ട്. 250 ഓളം പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായാണ് കരുതുന്നത്. എണ്‍പതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മനുഷ്യക്കടത്തുകാര്‍ അസംഖ്യം മനുഷ്യജീവനുകളെ ഇല്ലാതാക്കുന്നതില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും ദുഃഖവും പ്രതിഷേധവും അറിയിച്ചു.
ഇറ്റാലിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ മത്തെയോ സുപ്പിയും ഈ ദുരന്തത്തില്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടെ മെഡിറ്ററേനിയന്‍ സമുദ്രം അനേകരുടെ ശ്മശാനമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും പ്രശ്‌നം കൂടുതല്‍ മാനവീകതയോടെ കൈകാര്യം ചെയ്യണമെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും കാര്‍ഡിനല്‍ പറഞ്ഞു.