കത്തോലിക്ക സഭയ്‌ക്കെതിരായ വാര്‍ത്തകളിലൂടെ ലോകശ്രദ്ധയില്‍ വന്ന ചര്‍ച്ച് മിലിറ്റന്റ് എന്ന വെബ്‌സൈറ്റ് അടുത്തമാസം പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 5 ലക്ഷം ഡോളറിന്റെ ഒരു അപകീര്‍ത്തി കേസില്‍ പ്രതികൂല വിധി വന്നതിനെ തുടര്‍ന്നാണ് ഇത്. 2019-ല്‍ ഒരു പാശ്ചാത്യ രൂപതയുടെ വികാരി ജനറാളിനെതിരെ പ്രസിദ്ധീകരിച്ച ലേഖനം സംബന്ധിച്ചായിരുന്നു കേസ്. ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ആധാരമായ യാതൊരു തെളിവും വെബ്‌സൈറ്റിന് ഹാജരാക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ മൈക്കിള്‍ വോയിസ് സദാചാര സംബന്ധമായ ആരോപണങ്ങളെ തുടര്‍ന്നു നേരത്തെ രാജി വച്ചിരുന്നു. 2008-ലാണ് വെബ്‌സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. കത്തോലിക്ക സഭയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നിരവധി ലേഖനങ്ങള്‍ ഈ സൈറ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.