
വാട്‌സാപ്പിലൂടെ മതനിന്ദാപരമായ സന്ദേശങ്ങള്‍ അയച്ചു എന്ന കുറ്റത്തിന് പാകിസ്ഥാനിലെ ഒരു ക്രൈസ്തവ വനിതയെ ഇസ്ലാമാബാദ് സ്‌പെഷ്യല്‍ കോര്‍ട്ട് വധശിക്ഷയ്ക്ക് വിധിച്ചു. കൂടാതെ മൂന്നുലക്ഷം രൂപ പിഴയും നല്‍കണം.
കരിനിയമം എന്ന് അന്താരാഷ്ട്രസമൂഹത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന പാകിസ്ഥാനിലെ മതദൂഷണനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ.
40 കാരിയും നഴ്‌സും അമ്മയുമായ ഷാഗുഫ്താ കിരണ്‍ ആണ് ശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.
2021 ലാണ് ഭര്‍ത്താവിനും മകനും ഒപ്പം ഇവരെ അറസ്റ്റ് ചെയ്തത് പിന്നീട് ജാമ്യത്തില്‍ വിട്ടു. വിചാരണ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് അവരുടെ അഭിഭാഷക അറിയിച്ചിട്ടുണ്ട്.
ക്രിസ്ത്യാനി ആയതുകൊണ്ടാണ് ഷഗുഫ്തയ്‌ക്കെതിരെ ഈ ആരോപണം ഉയര്‍ന്നതും ശിക്ഷ വിധിക്കപ്പെട്ടതും എന്ന് അഭിഭാഷകയായ റാണ അബ്ദുല്‍ ഹമീദ് പറഞ്ഞു.
വാട്‌സാപ്പില്‍ പ്രചരിച്ച സന്ദേശം എഴുതിയ ആളെ കണ്ടെത്താനോ പിടികൂടാനോ കുറ്റാന്വേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി.
മുഹമ്മദ് നബിയെ നിന്ദിക്കുന്നവര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന പാകിസ്ഥാനിലെ ശിക്ഷാനയമം സെക്ഷന്‍ 295 എ അനുസരിച്ചാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. ശിക്ഷ നടപ്പാക്കുന്നതു വരെ റാവല്‍പിണ്ടിയിലെ സെന്‍ട്രല്‍ ജയിലില്‍ ഇവര്‍ തടവില്‍ കഴിയേണ്ടി വരും.