
ചൈനയിലെ ഷാംഗ്ഹായ് രൂപതാദ്ധ്യക്ഷനായി ബിഷപ് ജോസഫ് ഷെന്‍ ബിന്നിനെ നിയമിച്ചു. ചൈനയില്‍ ഭരണകൂടത്തിന്റെ അംഗീകാരമുള്ള ബിഷപ്‌സ് കൗണ്‍സിലാണ് നിയമനം നടത്തിയത്. ഹായ്‌മെന്‍ രൂപതാദ്ധ്യക്ഷനായിരുന്ന അദ്ദേഹത്തെ സ്ഥലം മാറ്റുകയാണു ചെയ്തത്. മാധ്യമങ്ങളില്‍ നിന്ന് ഈ വിവരം അറിഞ്ഞുവെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു. അതില്‍ കൂടുതലൊന്നും ഇതേ കുറിച്ചു പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വത്തിക്കാന്റെ അനുമതിയില്ലാതെയാണ് ഈ നിയമനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മെത്രാന്‍ നിയമനങ്ങളെ കുറിച്ചുള്ള ചൈനാ-വത്തിക്കാന്‍ ധാരണയുടെ ലംഘനമാണ് ഈ സ്ഥലംമാറ്റമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു.
ബിഷപ് ഷെന്‍ ബിന്‍ 2010 ലാണ് മെത്രാനായത്. അതു വത്തിക്കാന്‍ അംഗീകാരത്തോടെയായിരുന്നു. ഷാംഗ്ഹായ് രൂപതക്ക് കഴിഞ്ഞ പത്തു വര്‍ഷമായി മെത്രാനില്ലായിരുന്നു.