ചൈനയില്‍ സര്‍ക്കാര്‍ ഒരു പള്ളി കൂടി തകര്‍ത്തു

Published on

ചൈനയിലെ യിനാന്‍ പ്രവിശ്യയിലെ ഒരു കത്തോലിക്കാ ദേവാലയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബുള്‍ ഡോസര്‍ വച്ചു തകര്‍ത്തു. ചൈനയില്‍ നടക്കുന്ന ദേവാലയ നശീകരണ പരമ്പരയിലെ ഒടുവിലത്തേതാണ് ഈ സംഭവം. രാവിലെ പള്ളിയിലെത്തിയ ഉദ്യോഗസ്ഥര്‍ അവിടെ ഉണ്ടായിരുന്ന മൂന്നു ദേവാലയശുശ്രൂഷകരെ ബലം പ്രയോഗിച്ചു പുറത്താക്കിയ ശേഷം പള്ളിയും അള്‍ത്താരയുമെല്ലാം തകര്‍ക്കുകയായിരുന്നു. പുതിയ പാര്‍പ്പിടസമുച്ചയവും റെയില്‍വേ സ്റ്റേഷനും നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ ഇക്കാര്യം പള്ളിയംഗങ്ങളെ മുന്‍കൂട്ടി അറിയിക്കുകയോ പള്ളിക്കു പകരം സ്ഥലം നല്‍കാമെന്നു ധാരണയുണ്ടാക്കുകയോ ചെയ്തിട്ടില്ല. 1920 മുതല്‍ രേഖകളില്‍ സ്വകാര്യഭവനമെന്ന നിലയില്‍ പള്ളിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഈ കെട്ടിടത്തിന് ഈയടുത്ത കാലത്താണ് പള്ളിയെന്ന ഔദ്യോഗികാംഗീകാരം ലഭിച്ചത്.

കഴിഞ്ഞ മാസം ചൈനാ സര്‍ക്കാര്‍ ഹെനാന്‍ പ്രവിശ്യയിലെ ഒരു കുരിശിന്‍റെ വഴിയും ഇപ്രകാരം തകര്‍ത്തിരുന്നു. ആയിരകണക്കിനു ചൈനീസ് കത്തോലിക്കര്‍ തീര്‍ത്ഥാടനത്തിനെത്തുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഈ വര്‍ഷമാദ്യം നിരവധി പള്ളികളും അനുബന്ധകെട്ടിടങ്ങളും ഇപ്രകാരം സര്‍ക്കാര്‍ തകര്‍ത്തിരുന്നു. പ്രാദേശികവികസനമെന്ന കാരണം മുന്‍നിറുത്തിയാണ് പലതും നശിപ്പിക്കുന്നതെങ്കിലും കൂടുതല്‍ വിശ്വാസികളെ സര്‍ക്കാര്‍ നിയന്ത്രിത സഭാസംവിധാനത്തിന്‍റെ ഭാഗമാക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ടെന്നു കരുതപ്പെടുന്നു. ചൈനയും വത്തിക്കാനും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള കഠിനമായ പരിശ്രമമാണ് വത്തിക്കാന്‍ നടത്തി വരുന്നത്. അതില്‍ ചെറിയ പുരോഗതികള്‍ ദൃശ്യമാകുമ്പോള്‍ തന്നെയാണ് മറുവശത്ത് ചൈനാ ഭരണകൂടം മതമര്‍ദ്ദനനയങ്ങളും തുടരുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org