കത്തോലിക്കര്‍ ഭയപ്പെടേണ്ടത് മരണത്തെയല്ല, പാപത്തെയാണ് – ഫ്രാന്‍സിസ് മാര്‍പാപ്പ

കത്തോലിക്കര്‍ ഭയപ്പെടേണ്ടത് മരണത്തെയല്ല, പാപത്തെയാണ് – ഫ്രാന്‍സിസ് മാര്‍പാപ്പ

കത്തോലിക്കര്‍ക്കു മരണത്തെ ഭയപ്പെടാന്‍ യാതൊരു കാരണവുമില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. കാരണം കര്‍ത്താ വ് മരണത്തെ ജയിച്ചു. മരണത്തിനു പകരം പാപത്തെയാണ് വിശ്വാസികള്‍ ഭയപ്പെടേണ്ടത്. കാരണം ആത്മാവിനെ കഠിനമാക്കുന്നതും കൊല്ലുന്നതും പാപമാണ്. യേശുവാണ് നമ്മുടെ കര്‍ത്താവ്. അവിടുത്തെ മുന്നില്‍ ശാരീരിക മരണമെന്നാല്‍ ഉറക്കം പോലെയാണ്. അതിനാല്‍ നിരാശപ്പെടേണ്ടതില്ല. എന്നാല്‍ തിന്മയെ ഭയപ്പെടുക – മാര്‍പാപ്പ വിശദീകരിച്ചു. ത്രികാല പ്രാര്‍ത്ഥനയ്ക്കിടെ സെ. പീറ്റേഴ്സ് അങ്കണത്തില്‍ തീര്‍ത്ഥാടകരോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

പാപം കൊണ്ടു കഠിനമാക്കപ്പെട്ട ഹൃദയം പോലും യേശുവിനെ സംബന്ധിച്ച് അവസാനവാക്കല്ലെന്നും കാരണം തന്‍റെ പിതാവിന്‍റെ അനന്തമായ കൃപ നമുക്കു നല്‍കിയവനാണ് ക്രിസ്തുവെന്നും പാപ്പ ചൂണ്ടിക്കാട്ടി. നാം വീണുപോകുകയാണെങ്കില്‍ തന്നെ ക്രിസ്തുവിന്‍റെ ആര്‍ദ്രവും ശക്തവുമായ ശബ്ദം നമ്മെത്തേടിയെത്തുന്നു. എഴുന്നേല്‍ക്കുക, പോകുക, ധൈര്യമായിരിക്കുക എന്ന് അവിടുന്നു നമ്മോടു പറയും. രക്തസ്രാവക്കാരിയോടും സിനഗോഗധികാരിയുടെ മകളോടും അവിടുന്ന് ഇതു പറഞ്ഞു. രണ്ടു സംഭവങ്ങളിലും ഒരു സമാനതയുണ്ട്. വിശ്വാസം. യേശുവാണ് ജീവന്‍റെ സ്രോതസ്സെന്നും ജീവന്‍ മടക്കി നല്‍കാന്‍ യേശുവിനു കഴിയുമെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു. ഭയപ്പെടേണ്ട, വിശ്വസിക്കുക എന്നാണ് യേശു ജായിറോസിനോടു പറയുന്നത്. യേശുവിനെ സമീപിക്കാന്‍ തങ്ങള്‍ക്കവകാശമില്ലെന്ന് രക്തസ്രാവക്കാരിയെ പോലെ നാമാരും കരുതാനും പാടില്ല. യേശുവിന്‍റെ ഹൃദയത്തെ സമീപിക്കാന്‍ വേണ്ടത് ഇതുമാത്രമാണ്; സൗഖ്യത്തിന്‍റെ ആവശ്യകത അനുഭവിക്കുക, സ്വയം അവനു ഭരമേല്‍പിക്കുക എന്നതാണത് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org