
കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരും ഒരേ തീയതിയില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നതിനു അവസരമൊരുക്കുന്നതിനുള്ള നീക്കങ്ങളെ പിന്തുണയ്ക്കുമെന്നു വത്തിക്കാന്‍ ക്രൈസ്തവൈക്യകാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ കുര്‍ട്ട് കോച് പ്രസ്താവിച്ചു. എല്ലാ സഭകളും ഒരേ തീയതിയില്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത് ക്രൈസ്തവൈക്യപ്രസ്ഥാനങ്ങള്‍ക്കു പ്രചോദനം പകരുമെന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസിന്റെ പ്രതിനിധി, സഭകളുടെ ലോകകൗണ്‍സിലില്‍ അഭിപ്രായപ്പെട്ടിരുന്നു.
ഒരേ തീയതിയിലുള്ള ഈസ്റ്റര്‍ ആഘോഷം തുടങ്ങാന്‍ 2025 അനുയോജ്യമായ വര്‍ഷമായിരിക്കുമെന്നു ഓര്‍ത്തഡോക്‌സ് ആര്‍ച്ചുബിഷപ് ജോബ് ഗെച്ച പറഞ്ഞു. നിഖ്യായിലെ ഒന്നാം സൂനഹദോസിന്റെ 1700-ാം വാര്‍ഷികവുമായിരിക്കും ആ വര്‍ഷം. ഈ നിര്‍ദേശത്തെ കാര്‍ഡിനല്‍ കുര്‍ട്ട് കോച്ച് സ്വാഗതം ചെയ്തു. എഡി 325 ല്‍ സംഘടിപ്പിക്കപ്പെട്ട നിഖ്യാ സൂനഹദോസിന്റെ വാര്‍ഷികം സംയുക്ത ഈസ്റ്റര്‍ ആഘോഷം തുടങ്ങുന്നതിനു യോജിച്ച വര്‍ഷമാണെന്ന അഭിപ്രായത്തെയും അദ്ദേഹം പിന്തുണച്ചു. നിഖ്യാ സൂനഹദോസാണ് ഈസ്റ്റര്‍ തീയതി ഇന്നത്തെ രീതിയില്‍ നിശ്ചയിക്കുന്നതിനു തുടക്കം കുറിച്ചത്.
ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരവും കത്തോലിക്കര്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരവുമാണ് ഇപ്പോള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. രണ്ടു കലണ്ടറുകളും തമ്മില്‍ പതിമൂന്നു ദിവസങ്ങളുടെ വ്യത്യാസം ഉണ്ടാകാറുണ്ട്. സഭകളുടെ ലോകകൗണ്‍സില്‍ 1997 ല്‍ തന്നെ ഈസ്റ്റര്‍ തീയതി ഏകീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.