അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി വീണ്ടും കത്തോലിക്കാസഭ

അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി വീണ്ടും കത്തോലിക്കാസഭ
Published on

അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും ഉള്ള ഭീതിയില്‍ നിന്നു യൂറോപ്പ് മോചിതമാകണമെന്ന സന്ദേശവുമായി യൂറോപ്പില്‍ കത്തോലിക്കാസഭ പ്രചാരണം ശക്തമാക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനം ഉള്‍ക്കൊണ്ടുകൊണ്ടാണിത്. "ഭയത്തില്‍ നിന്നു മുക്തി" എന്ന പേരില്‍ മൂന്നു ദിവസത്തെ ഒരു സമ്മേളനം വത്തിക്കാന്‍ മൈഗ്രന്‍റ്സ് ഫൗണ്ടേഷനും ഇറ്റാലിയന്‍ കാരിത്താസും ഈശോസഭയുടെ അഭയാര്‍ത്ഥിസേവനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ചു. റോമില്‍നിന്ന് 20 കി.മീറ്റര്‍ അകലെ ഒരു ധ്യാനകേന്ദ്രത്തില്‍ സംഘടിപ്പിച്ച ഈ സമ്മേളനത്തിന്‍റെ ഉദ്ഘാടനത്തില്‍ മാര്‍ പാപ്പ പങ്കെടുത്തു.

കാലത്തിന്‍റെ വക്രതയ്ക്കും വൃത്തികേടിനും വഴങ്ങി, സ്വയം അടച്ചിരിക്കാന്‍ നമ്മളും പ്രലോഭിപ്പിക്കപ്പെടുന്നുണ്ടെന്നു മാര്‍പാപ്പ പറഞ്ഞു. ബലഹീനമായ നമ്മുടെ സുരക്ഷയില്‍ നാം ചേക്കേറുന്നു. ഇപ്രകാരം തന്നില്‍ തന്നെ അഭയം തേടുന്നത് പരാജയത്തിന്‍റെ അടയാളമാണ്. അതു അപരരെ കുറിച്ചും പരദേശികള്‍, പുറജാതിക്കാര്‍, അപരിചിതര്‍ തുടങ്ങിയവരെ കുറിച്ചും നമുക്കുള്ളില്‍ ഭീതി നിറയ്ക്കുന്നു. കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും കൂടുതല്‍ സുരക്ഷയും മെച്ചപ്പെട്ട ഭാവിയും തേടി ഇന്നു നമ്മുടെ വാതിലുകളില്‍ വന്നു മുട്ടുമ്പോള്‍ ഈ ഭീതി നാം പ്രകടമാക്കുന്നുണ്ട് – മാര്‍പാപ്പ പറഞ്ഞു.

ഭീതി ന്യായമാണെങ്കിലും മറ്റുള്ളവര്‍ക്കെതിരെ വേലികള്‍ കെട്ടുന്നതിലേയ്ക്ക് അതു നമ്മെ നയിക്കുന്നുണ്ടെന്നു പാപ്പ ചൂണ്ടിക്കാട്ടി. ഭയത്തെ മറികടന്നു മറ്റുള്ളവരെ അഭിമുഖീകരിക്കാനാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്. അപരനില്‍ നാം കാണുന്നതു ക്രിസ്തുവിനെ തന്നെയാണ്. അവിടുത്തെ തിരിച്ചറിയാന്‍ നമുക്കു ബുദ്ധിമുട്ടുണ്ടാകാമെന്നാലും. കീറിയ വസ്ത്രങ്ങളില്‍, അഴുക്കായ പാദങ്ങളില്‍, വേദനിക്കുന്ന മുഖങ്ങളില്‍, മുറിവേറ്റ ശരീരങ്ങളില്‍, നമ്മുടെ ഭാഷ സംസാരിക്കാനറിയാതെ നാം കാണുന്നത് ക്രിസ്തുവിനെ തന്നെയാണ്-മാര്‍ പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org