കത്തോലിക്കാവ്യവസായികള്‍ സഭയുടെ സാമൂഹ്യപ്രബോധനം പാലിക്കണം : മാര്‍പാപ്പ

കത്തോലിക്കാവ്യവസായികള്‍ സഭയുടെ  സാമൂഹ്യപ്രബോധനം പാലിക്കണം : മാര്‍പാപ്പ

സഭയുടെ സാമൂഹിക പ്രബോധനത്തെ പ്രോത്സാഹിപ്പിക്കാനും പാലിക്കാനുമുള്ള ഗൗരവമായ ഉത്തരവാദിത്വവും അവസരവും ഉള്ളവരാണു കത്തോലിക്കാ വ്യവസായികളെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ദുഷ്കരമായ ഇന്നത്തെ സാഹചര്യത്തില്‍ ഇതെളുപ്പമല്ല എന്നെനിക്കറിയാം. വിപണിയുടെയും ആഗോളവത്കരണത്തിന്‍റേയും നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്ന നിയന്ത്രണങ്ങളും ആവശ്യങ്ങളും നിലനില്‍ക്കെ വിശ്വാസത്തിന്‍റെയും സഭാപ്രബോധനത്തിന്‍റെയും ആവശ്യങ്ങളുമായി പൊരുത്തപ്പെടുക എളുപ്പമല്ല. പക്ഷേ, നിങ്ങളുടെ കമ്പനികളെ നയിക്കുന്നതിലും നിങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബന്ധങ്ങളിലും സുവിശേഷമൂല്യങ്ങള്‍ പാലിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നത് ക്രൈസ്തവസാക്ഷ്യത്തിനുള്ള അനന്യമായ അവസരങ്ങളായിരിക്കും – മാര്‍പാപ്പ വിശദീകരിച്ചു. ഫ്രാന്‍സില്‍നിന്നു തീര്‍ത്ഥാടനത്തിനെത്തിയ കത്തോലിക്കാ വ്യവസായികളുടെ ഒരു സംഘത്തോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ഗൗരവമായ ഉത്തരവാദിത്വങ്ങളുണ്ടായിരിക്കുക, ഒപ്പം ക്രിസ്ത്യാനിയുമായിരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

കമ്പനിയുടെ നിലനില്‍പുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍, തൊഴിലാളികളേയും അവരുടെ കുടുംബങ്ങളേയും ന്യായമായ വേതനം നല്‍കി പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എന്നിവയെല്ലാം വ്യവസായലോകത്തു പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളാണെന്നു മാര്‍പാപ്പ പറഞ്ഞു. തൊഴില്‍ സാഹചര്യങ്ങള്‍, കൂലി, തൊഴില്‍ വാഗ്ദാനങ്ങള്‍, അതിന്‍റെ സ്ഥിരത, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയെ കുറിച്ചാണു ഞാന്‍ ചിന്തിക്കുന്നത്. ക്രൈസ്തവ സംരംഭകര്‍ ചിലപ്പോള്‍ സ്വന്തം ബോദ്ധ്യങ്ങളും ആദര്‍ശങ്ങളും അടിച്ചമര്‍ത്തിക്കൊണ്ട് ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. ഇതു സംബന്ധിച്ച വിവേചനത്തിനാവശ്യമായ മാനദണ്ഡങ്ങള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നല്‍കുന്നുണ്ട്. ലൗകിക അധികാരവുമായും പണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സുവിശേഷസന്ദേശം ചിലപ്പോള്‍ ബലഹീനമാണെന്നു തോന്നാം. പക്ഷേ അതൊരു ഉട്ടോപ്യയല്ല. സുവിശേഷസന്ദേശം പ്രാവര്‍ത്തികമാക്കാന്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയും മിഷണറി ശിഷ്യരുടെ ധീര വിശ്വാസത്തിന്‍റെ പിന്തുണയും ആവശ്യമാണ് – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org