സൈക്കിള്‍ യാത്രികനായ കാര്‍ഡിനല്‍ ഇറ്റാലിയന്‍ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍

സൈക്കിള്‍ യാത്രികനായ കാര്‍ഡിനല്‍ ഇറ്റാലിയന്‍ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍

ജീവിതലാളിത്യം കൊണ്ട് അനേകര്‍ക്കു പ്രചോദനമേകുന്ന കാര്‍ഡിനല്‍ മത്തെയോ സുപ്പി ഇറ്റാലിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷനായി നിയമിതനായി. വടക്കന്‍ ഇറ്റലിയിലെ ബൊളാഞ്ഞ അതിരൂപതാദ്ധ്യക്ഷനായ കാര്‍ഡിനല്‍ സൈക്കിള്‍ യാത്ര ഇഷ്ടപ്പെടുന്നയാളാണ്. നഗരവീഥികളിലൂടെ പലപ്പോഴും അദ്ദേഹം സൈക്കിള്‍ ചവിട്ടി പോകുന്നത് ജനങ്ങള്‍ക്കു പരിചിതമായ കാഴ്ചയാണ്. ഇറ്റലിയിലും പുറത്തും വലിയ സ്വാധീനമുള്ള അത്മായപ്രസ്ഥാനമായ സാന്ത് എജിദിയോ സമൂഹവുമായി ശക്തമായ ബന്ധം പുലര്‍ത്തുന്ന സഭാദ്ധ്യക്ഷനുമാണ് കാര്‍ഡിനല്‍ സുപ്പി.

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക് ബഹുമതി സൂചകമായ പൗരത്വം നല്‍കി ആദരിച്ചിരിക്കുന്നയാളാണ് കാര്‍ഡിനല്‍ സുപ്പി. മൊസാംബിക്കിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചു സമാധാനം സ്ഥാപിക്കുന്നതിനു നല്‍കിയ സംഭാവനകളുടെ പേരിലാണ് ഇത്. മൊസാംബിക്കിലെ സമാധാനസംഭാഷണങ്ങള്‍ക്കു കാര്‍ഡിനല്‍ മദ്ധ്യസ്ഥത വഹിച്ചിരുന്നു.

66 കാരനായ കാര്‍ഡിനല്‍ സുപ്പി, 2012 ല്‍ റോം രൂപതയുടെ സഹായമെത്രാനായി. 2015 ല്‍ അദ്ദേഹം ബൊളാഞ്ഞ അതിരൂപതാദ്ധ്യക്ഷനാകുകയു 2019 ല്‍ കാര്‍ഡിനലായി ഉയര്‍ത്തപ്പെടുകയും ചെയ്തു. പാവപ്പെട്ടവരോടും അഭയാര്‍ത്ഥികളോടും സവിശേഷമായ കരുതല്‍ പുലര്‍ത്തുന്ന സഭാദ്ധ്യക്ഷനുമാണ് അദ്ദേഹം.

മാര്‍പാപ്പയാണ് ഇറ്റാലിയന്‍ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷനെ നിയമിക്കുന്നത്. ഭൂരിപക്ഷ വോട്ടെടുപ്പു പ്രകാരം അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള അവകാശം മെത്രാന്‍ സംഘത്തിനു നല്‍കാന്‍ മാര്‍പാപ്പ തയ്യാറായെങ്കിലും മെത്രാന്‍ സംഘം അതു വേണ്ടെന്നു വച്ചു. പകരം, ഏറ്റവുമധികം വോട്ടു കിട്ടിയ മൂന്നു പേരുകള്‍ മാര്‍പാപ്പയ്ക്കു നല്‍കുകയും അതില്‍ നിന്നു ഒരാളെ നിയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതു പ്രകാരമാണ് മാര്‍പാപ്പ അദ്ധ്യക്ഷനെ നിയമിച്ചത്. എന്നാല്‍, മെത്രാന്‍ സംഘം നല്‍കിയ പാനലില്‍ ഏറ്റവും അധികം വോട്ടു കിട്ടിയതും കാര്‍ഡിനല്‍ സുപ്പിക്കു തന്നെയാണെന്നാണു വാര്‍ത്തകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org