കാർഡിനൽ സെന്നിന് പൂർണ്ണ പിന്തുണ നൽകണമെന്ന് വത്തിക്കാനോട് യൂറോപ്യൻ പാർലമെൻറ്

കാർഡിനൽ സെന്നിന് പൂർണ്ണ പിന്തുണ നൽകണമെന്ന് വത്തിക്കാനോട് യൂറോപ്യൻ പാർലമെൻറ്
Published on

ചൈനീസ് ഭരണകൂടത്തിന്റെ നടപടികൾ നേരിടുന്ന കാർഡിനൽ സെന്നിന് പൂർണപിന്തുണ നൽകണമെന്ന് വത്തിക്കാനോട് യൂറോപ്യൻ പാർലമെൻറ് ആവശ്യപ്പെട്ടു. ചൈനയുമായി മികച്ച ബന്ധങ്ങൾ സ്ഥാപിക്കാൻ വത്തിക്കാൻ നടത്തുന്ന നീക്കങ്ങളോട് യൂറോപ്യൻ യൂണിയന് ഉള്ള എതിർപ്പ് ഈ തീരുമാനത്തിന്റെ പശ്ചാത്തലമായി നിരീക്ഷകർ കാണുന്നുണ്ട്. ചൈനയുമായി വത്തിക്കാൻ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനെയും ചൈനയിലെ കത്തോലിക്കാ സഭയിൽ മെത്രാന്മാരെ നിയമിക്കുന്നതിന് ചൈനയുമായി വത്തിക്കാൻ ധാരണ ഉണ്ടാക്കുന്നതിനെയും എതിർക്കുന്നയാളാണ് കാർഡിനൽ സെൻ. കാർഡിനൽ സെനിന്റെ പരസ്യമായ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കാർഡിനൽ പിയെട്രോ പരോളിൻ ചൈനയുമായുള്ള നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിൽ ആക്കുന്നതിനുള്ള ശ്രമങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. ചൈനയുമായി ഉണ്ടാക്കിയ താൽക്കാലിക കരാർ നല്ല നിലയിൽ മുന്നോട്ടു പോകുന്നുവെന്നും അത് നവീകരിക്കേണ്ടതുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പയും ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. യൂറോപ്പിലെ മനുഷ്യാവകാശ സംഘടനകൾ പാപ്പായുടെ ഈ പ്രസ്താവനയെയും സന്തോഷത്തോടെയല്ല സ്വീകരിച്ചത്.

ഹോങ്കോങ് മുൻ ആർച്ചുബിഷപ് ആയ 90 കാരനായ കാർഡിനൽ സെൻ ഈയിടെ അറസ്റ്റിൽ ആയിരുന്നു. ഹോങ്കോങ്ങിലെ ജനാധിപത്യ അവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടുന്ന വ്യക്തിയാണ് കാർഡിനൽ സെൻ എന്ന് യൂറോപ്യൻ പാർലമെൻറ് വിലയിരുത്തി. കാർണിവൽ സെന്നിനു വേണ്ടി യൂറോപ്യൻ പാർലമെൻറ് പാസാക്കിയ പ്രമേയം വത്തിക്കാനെ അറിയിക്കാൻ പാർലമെൻറ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഹോങ്കോങ്ങിൽ ചൈന നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ, ഹോങ്കോങ്ങിനൊപ്പം നിലകൊള്ളുകയാണ് യൂറോപ്യൻ യൂണിയൻ എന്നും പാർലമെൻറ് വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org