കാര്‍ഡിനലിന്റെ ഒഴിവുദിനം ഭവനരഹിതരുമൊത്തു ബീച്ചില്‍

കാര്‍ഡിനലിന്റെ ഒഴിവുദിനം ഭവനരഹിതരുമൊത്തു ബീച്ചില്‍
Published on

ചൂടു മൂലം റോം നഗരവാസികളെല്ലാം അവധിയെടുത്ത് സമുദ്രതീരങ്ങളിലും പര്‍വതപ്രദേശങ്ങളിലും സുഖവാസത്തിനു പോകുന്ന ആഗസ്റ്റ് മാസത്തില്‍, മാര്‍പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന കാര്‍ഡിനല്‍ കോണ്‍റാഡ് ക്രജേവ്‌സ്‌കിയും ഒരു ദിനം ബീച്ചില്‍ ചിലവഴിക്കാന്‍ നിശ്ചയിച്ചു. പക്ഷേ ഒറ്റയ്ക്കായിരുന്നില്ല അദ്ദേഹം. റോമില്‍ പാര്‍പ്പിടമില്ലാതെ തെരുവുകളില്‍ അന്തിയുറങ്ങുന്ന ഏതാനും പേരേയും അദ്ദേഹം കൂടെക്കൂട്ടി. കടലില്‍ ഇറങ്ങുന്നതിനുള്ള വസ്ത്രങ്ങളും ആഹാരവും സമ്മാനിച്ചു.
ആഗസ്റ്റില്‍, നായ്ക്കളും അമേരിക്കക്കാരും മാത്രമേ റോമില്‍ ഉണ്ടാകുകയുള്ളൂ എന്നാണ് ഒഴിവുകാലം പാഴാക്കാത്ത റോമാക്കാരെ കുറിച്ച് അവരുടെ തന്നെ ഫലിതം. കോവിഡ് മൂലം ടൂറിസ്റ്റുകളും ഇപ്പോള്‍ റോമില്‍ ഇല്ല. പക്ഷേ ഇത്തരം ഒഴിവുകാലയാത്രകള്‍ നിര്‍ധനര്‍ക്ക് അപ്രാപ്യമായ സാഹചര്യത്തിലാണ് അവരെയും കൂടെക്കൂട്ടാന്‍ കാര്‍ഡിനല്‍ ക്രജേവ്‌സ്‌കി പ്രേരിതനായത്. ടീഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ച് കാര്‍ഡിനലും സഹയാത്രികര്‍ക്കൊപ്പം ബീച്ചില്‍ സമയം ചിലവഴിച്ചു.
2013-ല്‍ കാര്‍ഡിനല്‍ ക്രജേവ്‌സ്‌കി മാര്‍പാപ്പയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതലയേറ്റെടുത്ത ശേഷം ഈ കാര്യാലയം വളരെ സജീവമായിരുന്നു. റോം നഗരത്തില്‍ നിര്‍ധനര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളില്‍ മറ്റു അവശ്യസേവനങ്ങള്‍ക്കൊപ്പം മ്യൂസിയങ്ങളുടെ സന്ദര്‍ശനം പോലെയുള്ള കാര്യങ്ങളും കാര്‍ഡിനല്‍ ഉള്‍പ്പെടുത്താറുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org