
വത്തിക്കാന്‍ ആരാധനാ-കൂദാശാ കാര്യാലയത്തിന്റെ അദ്ധ്യക്ഷനായിരുന്ന കാര്‍ഡിനല്‍ റോബര്‍ട്ട് സാറായുടെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചു. 2020 ജൂണില്‍ അദ്ദേഹത്തിന് 75 വയസ്സ് തികഞ്ഞിരുന്നു. വത്തിക്കാന്‍ കൂരിയായിലെ ഏറ്റവും മുതിര്‍ന്ന ആഫ്രിക്കന്‍ സഭാനേതാവായിരുന്നു കാര്‍ഡിനല്‍ സാറാ. 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ വത്തിക്കാനിലെ ഈ സുപ്രധാന പദവിയില്‍ നിയമിച്ചത്. അതിനു മുമ്പു വത്തിക്കാന്‍ ജീവകാരുണ്യപ്രവര്‍ത്തന കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാകാര്യാലയത്തിന്റെ അദ്ധ്യക്ഷനെന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വാര്‍ ത്തകള്‍ സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ വളച്ചൊടിച്ചുകൊണ്ടുള്ള വിവാദങ്ങളും ഉണ്ടായി. യാ ഥാസ്ഥിതികനായ ഒരാള്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതിച്ഛായ.
ഗ്വിനിയയില്‍ ജനിച്ച അദ്ദേഹം 34-ാം വയസ്സില്‍ അവിടത്തെ ഒരു അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി നിയമിക്കപ്പെട്ടു. 22 വര്‍ഷം ആ പദവി വഹിച്ചു. 2001 ല്‍ സുവിശേഷവത്കരണകാര്യാലയത്തിന്റെ സെക്രട്ടറിയായി അദ്ദേഹം റോമിലെത്തി.