മതസ്വാതന്ത്ര്യമാണ് വത്തിക്കാന്‍ നയതന്ത്രങ്ങളുടെ അടിസ്ഥാനം -കാര്‍ഡിനല്‍ പരോളിന്‍

മതസ്വാതന്ത്ര്യമാണ് വത്തിക്കാന്‍ നയതന്ത്രങ്ങളുടെ അടിസ്ഥാനം -കാര്‍ഡിനല്‍ പരോളിന്‍

Published on

മറ്റു മതങ്ങളില്‍നിന്ന് കത്തോലിക്കാ സഭയെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം ലോകരാജ്യങ്ങളുമായി വത്തിക്കാനുള്ള നയതന്ത്രമാണ്. ഒട്ടെല്ലാ രാജ്യങ്ങളുമായി വത്തിക്കാന്‍ ഉഭയകക്ഷി കരാറുകളില്‍ ഏര്‍പ്പെടുകയും അതുപ്രകാരം പരസ്പരം നയതന്ത്രസ്ഥാനപതിമാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന 'സോഫ്റ്റ് പവര്‍' മനുഷ്യനന്മയ്ക്കു വേണ്ടി ഉപയോഗിക്കാന്‍ വത്തിക്കാനു കഴിയുന്നു. യുഎസ്-ക്യൂബ ബന്ധം പോലെ സ ങ്കീര്‍ണമായ പല അന്താരാഷ്ട്ര പ്രശ്നങ്ങളിലും മധ്യസ്ഥത വഹിക്കാനും പ്രശ്നപരിഹാരത്തിനു വഴിതെളിക്കാനും വത്തിക്കാനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ചില രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ വത്തിക്കാനെതിരെ വിമര്‍ശനങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ മതസ്വാതന്ത്ര്യത്തിനാണ് വത്തിക്കാന്‍ പ്രധാന പരിഗണന നല്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍ പറഞ്ഞു. വത്തിക്കാന്‍റെ നയതന്ത്രകരാറുകളെക്കുറിച്ചുള്ള ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ഡിനല്‍ പരോളിന്‍.

സോവ്യറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കു ശേഷം രൂപപ്പെട്ട സ്വതന്ത്രരാഷ്ട്രങ്ങളുമായി നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ വത്തിക്കാന്‍ തിടുക്കം കാണിച്ചുവെന്ന ആരോപണമുണ്ടായിരുന്നു. ക്രോയേഷ്യ, സ്ലോവേനിയ എന്നീ രാജ്യങ്ങള്‍ പരമാധികാരം പ്രഖ്യാപിച്ചയുടനെയും വത്തിക്കാനുമായി ബന്ധം സ്ഥാപിച്ചു. ഇപ്പോള്‍, ചൈനയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങളും വിമര്‍ശനവിധേയമാകുന്നുണ്ട്. എന്നാല്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രൂപപ്പെടുത്തിയ നയമനുസരിച്ചാണ് ഇതെല്ലാം നടക്കുന്നതെന്ന് കാര്‍ഡിനല്‍ പരോളിന്‍ പറഞ്ഞു. മതസ്വാതന്ത്ര്യത്തിനും സഭയുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തിനുമാണ് ഇതനുസരിച്ച് ഊന്നല്‍ നല്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

എല്ലാ രാജ്യങ്ങളെയും ഒരേ രീതിയില്‍ പരിഗണിച്ചുകൊണ്ടല്ല വത്തിക്കാന്‍ നയതന്ത്ര ബന്ധങ്ങളുണ്ടാക്കുന്നതെന്നും കാര്‍ഡിനല്‍ പറഞ്ഞു. സഭ തീരെ ന്യൂനപക്ഷമായിരിക്കുന്ന രാജ്യങ്ങളില്‍ അതു പരിഗണിച്ചുകൊണ്ട്, ആ സഭയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ബന്ധങ്ങള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

logo
Sathyadeepam Online
www.sathyadeepam.org