കാര്‍ഡി. കാള്‍ ലേമാന്‍ നിര്യാതനായി

ജര്‍മ്മന്‍ സഭയുടെ ചരിത്രത്തിലെ പ്രമുഖ നേതാക്കളിലൊരാളായ കാര്‍ഡിനല്‍ കാള്‍ ലേമാന്‍ നിര്യാതനായി. ലോകമാകെയുള്ള കത്തോലിക്കാസഭയെ സ്വാധീനിക്കാന്‍ കഴിഞ്ഞ ഒരു വ്യക്തിത്വമാണ് കാര്‍ഡിനല്‍ ലേമാന്‍ എന്ന് ജര്‍മ്മന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ റീയിന്‍ഹാര്‍ഡ് മാര്‍ക്സ് പ്രസ്താവിച്ചു. ജര്‍മ്മന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായി ഇരുപതു വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുള്ള കാര്‍ഡിനല്‍, ജര്‍മ്മനിയിലെ കത്തോലിക്കാ- പ്രൊട്ടസ്റ്റന്‍റ് ബന്ധങ്ങള്‍ ഊഷ്മളമായി നിറുത്തുന്നതില്‍ വലിയ പങ്കു വഹിച്ചിരുന്നു. ദൈവശാസ്ത്രത്തിലും തത്ത്വചിന്തയിലും ഡോക്ടറേറ്റുകള്‍ നേടിയ ശേഷം രണ്ടു ജര്‍മ്മന്‍ യൂണിവേഴ്സിറ്റികളില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്നു. 1983-ല്‍ മെയ്ന്‍സ് രൂപതാ മെത്രാനായി നിയമിക്കപ്പെട്ടു. 2001-ല്‍ കാര്‍ഡിനലായി. 2013-ലെ മാര്‍പാപ്പ തിരഞ്ഞെടുപ്പില്‍, ഇപ്പോഴത്തെ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെടുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചയാളാണു കാര്‍ഡിനല്‍ ലേമാനെന്ന് അന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജെലാ മെര്‍ക്കല്‍ കാര്‍ഡിനല്‍ ലേമാന്‍റെ മരണത്തില്‍ അനുശോചനം പ്രകടിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org