കുടിയേറ്റക്കാരെ സഹായിച്ച സ്‌കാലബ്രിനിയും സാറ്റിയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു

കുടിയേറ്റക്കാരെ സഹായിച്ച സ്‌കാലബ്രിനിയും സാറ്റിയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു

കുടിയേറ്റം ചര്‍ച്ചാവിഷയമായിരിക്കെ പത്തൊമ്പതാം നൂറ്റാണ്ടില്‍ കുടിയേറ്റക്കാരുടെ സേവനത്തിനായി വലിയ സംഭാവനകള്‍ നല്‍കിയ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. വി. അര്‍തെമൈഡ് സാറ്റിയും വി. ജോവാന്നി ബാറ്റിസ്റ്റ സ്‌കാലബ്രിനിയും. സ്‌കാലബ്രിനി കുടിയേറ്റക്കാരെ സേവിച്ച ഒരു സന്യാസസമൂഹത്തിനു രൂപം നല്‍കിയെങ്കില്‍ സാറ്റി ഇറ്റലിയില്‍ നിന്ന് അര്‍ജന്റീനയിലേയ്ക്കു കുടുംബത്തോടൊപ്പം പോയ ഒരു കുടിയേറ്റക്കാരന്‍ കൂടിയായിരുന്നു. കുടിയേറ്റക്കാരുടെ സഹനങ്ങളെ കുറിച്ചു ചിന്തിക്കാന്‍ ഇരുവരുടെയും വിശുദ്ധപദപ്രഖ്യാപനം ഇടയാക്കുന്നതായി മാര്‍പാപ്പ പറഞ്ഞു.

ആരും വിദേശികളല്ലാത്ത, അതിര്‍ത്തികളില്ലാത്ത ഒരു ലോകം സ്വപ്നം കണ്ട ഇറ്റാലിയന്‍ മെത്രാന്‍ ആയിരുന്നു വി.സ്‌കാലബ്രിനിയെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. പിയാസെന്‍സായില്‍ മെത്രാനായ വി.സ്‌കാലബ്രിനി സ്ഥാപിച്ച സന്യാസസമൂഹമാണ് മിഷണറീസ് ഓഫ് ചാള്‍സ് ബോറോമിയോ. സ്‌കാലബ്രിനിയന്‍സ് എന്നറിയപ്പെടുന്ന ഈ മിഷണറിമാര്‍, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കുടിയേറ്റക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്ന തുറമുഖങ്ങളില്‍ വലിയ സേവനങ്ങള്‍ ചെയ്തിട്ടുണ്ട്. സ്‌കാലബ്രിനി 1905 ജൂണ്‍ ഒന്നിനാണു നിര്യാതനായത്.

1880 ല്‍ തികഞ്ഞ ദാരിദ്ര്യത്തില്‍ ഇറ്റലിയില്‍ ജനിച്ച വി.സാറ്റി പിന്നീട് കുടുംബത്തോടൊപ്പം കാര്‍ഷികജോലികള്‍ക്കായി അര്‍ജന്റീനയിലേയ്ക്കു കുടിയേറുകയായിരുന്നു. സലേഷ്യന്‍ സന്യാസസമൂഹത്തില്‍ ചേര്‍ന്നു വൈദികനാകാന്‍ ആഗ്രഹിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പിന്നീട് പൗരോഹിത്യമെന്ന സ്വപ്നം ഉപേക്ഷിക്കുകയും സലേഷ്യന്‍ സഹോദരനായി തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. ആരോഗ്യരംഗത്താണ് അദ്ദേഹം സേവനം ചെയ്തത്. ആവശ്യമായ യോഗ്യതകള്‍ സമ്പാദിച്ച് നഴ്‌സായി മാറി. ആശുപത്രിയില്‍ ഒതുങ്ങാതെ സേവനം ആവശ്യമുള്ളവരെ തേടിയെത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. വിശുദ്ധനായ ഒരു നഴ്‌സ് എന്ന ഖ്യാതി ജീവിച്ചിരിക്കെ തന്നെ അര്‍ജന്റീനയിലെങ്ങും പരന്നു. 1951 ല്‍ തന്റെ എഴുപതാം വയസ്സില്‍ വിശുദ്ധന്‍ നിര്യാതനായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org