കനേഡിയന്‍ പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു
കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഭാര്യ സോഫീഗ്രിഗറിയും കൂടെയുണ്ടായിരുന്നു. കൂടിക്കാഴ്ച ഹൃദ്യമായിരുന്നുവെന്നും കാനഡയുടെ സാമൂഹ്യജീവിതത്തിനു കത്തോലിക്കാസഭ നല്‍കുന്ന സംഭാവനകളെ പ്രധാനമന്ത്രി ശ്ലാഘിച്ചുവെന്നും പത്രക്കുറിപ്പില്‍ പറയുന്നു. മതസ്വാതന്ത്ര്യവും ധാര്‍മ്മിക പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങളും പരാമര്‍ശവിധേയമായി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍, വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷ പ് പോള്‍ ഗല്ലഗര്‍ എന്നിവരുമായും കനേഡിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
കാനഡ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി ക്ഷണിച്ചു. 19-ാം നൂറ്റാണ്ടില്‍ കാനഡായിലെ ആദിവാസി വിദ്യാര്‍ത്ഥികളോട് അന്നത്തെ മിഷണറിമാര്‍ ചെയ്ത ദ്രോഹപ്രവൃത്തികള്‍ക്ക് കത്തോലിക്കാസഭ ക്ഷമായാചനം നടത്തണമെന്ന ആവശ്യം ഇതേക്കുറിച്ച് അന്വേഷിച്ച കനേഡിയന്‍ സമിതി മുമ്പു മുന്നോട്ടു വച്ചിട്ടുള്ളതാണ്. കാനഡ സന്ദര്‍ശിക്കുമ്പോള്‍ മാര്‍പാപ്പ ഈ ആവശ്യം നിറവേറ്റുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആദിമ നിവാസികളുടെ കുട്ടികളെ ഹോസ്റ്റലുകളില്‍ താമസിപ്പിച്ചു പഠിപ്പിച്ച മിഷണറിമാര്‍ അവരെ അവരുടെ തനതുസംസ്കാരത്തില്‍ നിന്നു വേര്‍പെടുത്തുന്നതിനു ക്രൂരമായ നടപടികള്‍ സ്വീകരിച്ചുവെന്നാണ് ആരോപണം.
കനേഡിയന്‍ പ്രധാനമന്ത്രി കത്തോലിക്കാസഭാംഗമാണ്. അദ്ദേഹത്തിന്‍റെ പിതാവ് പിയറി ട്രൂഡോയും കാനഡയുടെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം 1980-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുമ്പോള്‍ ബാലനായിരുന്ന മകന്‍ ജസ്റ്റിന്‍ ട്രൂഡോയും കൂടെയുണ്ടായിരുന്നു.