കനേഡിയന്‍ ആദിവാസി നേതാക്കള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

കനേഡിയന്‍ ആദിവാസി നേതാക്കള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

കാനഡായിലെ രണ്ടു പ്രധാന ആദിവാസിഗോത്രങ്ങളുടെ പ്രതിനിധികള്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. സംഭാഷണം രണ്ടു മണിക്കൂര്‍ നീണ്ടു നിന്നു. കനേഡിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. കാനഡായില്‍ കത്തോലിക്കാസഭ ആദിവാസികള്‍ക്കായി നടത്തിയിരുന്ന റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കരികില്‍ നിന്ന് നിരവധി ശവക്കല്ലറകള്‍ കണ്ടെത്തിയത് സൃഷ്ടിച്ച പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സന്ദര്‍ശനം. 2020 ല്‍ ആസൂത്രണം ചെയ്തിരുന്ന സന്ദര്‍ശനം കോവിഡ് മൂലം വൈകുകയായിരുന്നു. ഗോത്രപ്രതിനിധിസംഘം ഒരാഴ്ച വത്തിക്കാനില്‍ ചിലവഴിക്കുന്നുണ്ട്. മറ്റു രണ്ടു പ്രതിനിധി സംഘങ്ങള്‍ കൂടി വത്തിക്കാനിലെത്തുന്നുണ്ട്.

കത്തോലിക്കാസഭയുടെ സ്‌കൂളുകളില്‍ സംബന്ധിച്ച അതിക്രമങ്ങള്‍ക്ക് മാര്‍പാപ്പ മാപ്പു പറയണമെന്നതാണ് കനേഡിയന്‍ ആദിവാസിഗോത്രങ്ങളുടെ പൊതുവായ വികാരം. ആദിവാസിക്കുട്ടികള്‍ സ്‌കൂളുകളില്‍ മരണപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നയുടനെ കാനഡ സന്ദര്‍ശിക്കുവാനും മുറിവുകളുണക്കുവാനുള്ള നടപടികള്‍ക്കും താനുദ്ദേശിക്കുന്നുവെന്നു മാര്‍പാപ്പ സൂചിപ്പിച്ചിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷം തന്നെ പാപ്പാ കാനഡ സന്ദര്‍ശിക്കുമെന്നാണു വാര്‍ത്തകള്‍.

റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ നടത്തിയിരുന്ന കത്തോലിക്കാ രൂപതകളുടെയും സന്യാസസമൂഹങ്ങളുടെയും രേഖകള്‍ പരിശോധിക്കുകയും കുട്ടികളുടെ മരണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്യണമെന്ന ആവശ്യവും ഗോത്രനേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണ് ആദിവാസികള്‍ക്കു വേണ്ടിയുള്ള റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ സഭ നടത്തിയിരുന്നത്. ആദിവാസികളുടെ തനതു ഭാഷകളും സാംസ്‌കാരികസവിശേഷതകളും ഇല്ലാതാക്കുകയാണ് ഈ സ്‌കൂളുകള്‍ ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു. സ്വന്തം ഗോത്രസമൂഹങ്ങളില്‍ നിന്നും ജീവിതശൈലികളില്‍ നിന്നും അടര്‍ത്തിയെടുക്കപ്പെട്ട നിരവധി കുട്ടികള്‍ ഹോസ്റ്റലുകളില്‍ മരണപ്പെടുകയും അവിടെ തന്നെ സംസ്‌കരിക്കപ്പെടുകയും ചെയ്തു. സ്‌കൂളുകളില്‍ പലതരം പീഢനങ്ങള്‍ക്കും ആദിവാസിവിദ്യാര്‍ത്ഥികള്‍ വിധേയരായി.

Related Stories

No stories found.