കാനഡയില്‍ കാരുണ്യവധങ്ങള്‍ വര്‍ദ്ധിക്കുന്നു

കാനഡയില്‍ കാരുണ്യവധങ്ങള്‍ വര്‍ദ്ധിക്കുന്നു

കാരുണ്യവധം, പരസഹായത്തോടെയുള്ള ആത്മഹത്യ എന്നീ രീതികളിലൂടെ ജീവിതം അവസാനിപ്പിക്കുന്നവരുടെ എണ്ണം കാനഡായില്‍ വര്‍ദ്ധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 2020-ല്‍ തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 35 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായത്. 2020-ല്‍ ആകെ 7595 പേര്‍ 'വൈദ്യശാസ്ത്രസഹായത്തോടെയുള്ള മരണം' സ്വീകരിച്ചതായി ആരോഗ്യവകുപ്പ് സഹമന്ത്രി പറഞ്ഞു. ആകെ മരണങ്ങളുടെ 2.5% വരുമിത്. 2019-ല്‍ ഡോക്ടറുടെ സഹായത്തോടെ മരണം സ്വീകരിച്ചവരുടെ എണ്ണം 5631 ആയിരുന്നു. കാരുണ്യവധത്തിന് അനുകൂലമായ കൂടുതല്‍ വ്യവസ്ഥകളോടെ ഇതു സംബന്ധിച്ച നിയമം പരിഷ്‌കരിക്കുന്നതിനു കാനഡായില്‍ നീക്കം നടക്കുന്നുണ്ട്. ഇതു യാഥാര്‍ത്ഥ്യമായാല്‍ മരണങ്ങളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണു നിരീക്ഷണം. പുതിയ നിയമം വന്നാല്‍ വിഷാദരോഗം ഉള്‍പ്പെടെയുള്ള മാനസീക പ്രശ്‌നങ്ങളുടെ പേരിലും ആളുകള്‍ക്ക് കാരുണ്യവധം ആവശ്യപ്പെടാം.

2016-ലാണ് കാനഡായില്‍ കാരുണ്യവധം നിയമവിധേയമാക്കിയത്. അതിനു ശേഷം ഓരോ വര്‍ഷവും ഇത്തരത്തില്‍ മരണം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയായിരുന്നു. 2020-ല്‍ ആകെ 9300 പേര്‍ കാരുണ്യവധത്തിനായി അപേക്ഷകള്‍ നല്‍കിയെന്നും അവരില്‍ 79% പേരുടെ അപേക്ഷകള്‍ അനുവദിക്കപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു. 50 പേര്‍ അപേക്ഷ അംഗീകരിക്കപ്പെട്ട ശേഷം ആവശ്യത്തില്‍ നിന്നു പിന്തിരിഞ്ഞു. നിരവധിപേരുടെ കാര്യത്തില്‍ അപേക്ഷ അംഗീകരിക്കപ്പെട്ടു വന്നപ്പോഴേക്കും സ്വാഭാവികമായി മരണം സംഭവിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org