
പൗരോഹിത്യമുള്ളവരും ഇല്ലാത്തവരും (ബ്രദര്‍മാര്‍) അംഗങ്ങളായ സന്യാസസമൂഹങ്ങളുടെ മേജര്‍ സുപീരിയര്മാരാകാന് ബ്രദര്‍മാരെയും അനുവദിച്ചുകൊണ്ട് ബന്ധപ്പെട്ട സഭാനിയമങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ മാറ്റം വരുത്തി. പുരോഹിതരുള്ള സന്യാസസമൂഹങ്ങളെ നയിക്കാന്‍ പൗരോഹിത്യമുള്ളവര് തന്നെ വേണമെന്നായിരുന്നു നിയമം. കാനോന്‍ നിയമത്തിലെ ഈ വ്യവസ്ഥ ദുര്‍ബലപ്പെടുത്തിക്കൊണ്ടാണ് മാര്‍പാപ്പയുടെ ഉത്തരവ്. ബ്രദര്‍മാരെ സുപീരിയര്മാരാക്കുന്നതിനു വത്തിക്കാന്‍ സന്യസ്ത കാര്യാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. പ്രാദേശിക മേധാവികളായി ബ്രദര്‍മാരെ നിയോഗിക്കുന്നതിനു പ്രത്യേക അനുമതി ആവശ്യമില്ല.
വത്തിക്കാന്‍ കാര്യാലയങ്ങളുടെ അദ്ധ്യക്ഷപദവിയുടെ കാര്യത്തിലും സമാനമായ ഒരു ഭേദഗതി മാര്‍പാപ്പ ഈയിടെ വരുത്തിയിരുന്നു. കാര്യാലയമേധാവികളാകാന് പൗരോഹിത്യം ആവശ്യമില്ലെന്നും 'വിശ്വാസിസമൂഹത്തിലെ ഏതൊരാള്‍ക്കും' കാര്യാലയമേധാവികളാകാന് കഴിയുമെന്നും ആയിരുന്നു ഭേദഗതി. ഇതിനോടു ചുവടുപിടിച്ചാണ് സന്യാസസമൂഹങ്ങളുടെ കാര്യത്തിലും മാറ്റം വരുത്തിയിരിക്കുന്നത്.