കാമറൂണില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയി മൂന്നു ദിവസം തടങ്കലില്‍ പാര്‍പ്പിച്ച മോണ്‍. ജൂലിയസ് ആബോര്‍ മോചിതനായി. മോചനദ്രവ്യം കൊടുക്കാതെയാണു മോചനമെന്നു രൂപതാ ചാന്‍സലര്‍ അറിയിച്ചു. മാംഫെ രൂപതയുടെ വികാരി ജനറല്‍ ആണ് മോണ്‍. ആബോര്‍. രൂപതയുടെ വിരമിച്ച മെത്രാന്‍ ബിഷപ് ഫ്രാന്‍സിസ് ലിസിംഗെ താമസിക്കുന്ന വസതിയില്‍ നിന്നാണ് മോണ്‍. ആബോറിനെ തട്ടിക്കൊണ്ടു പോയത്. മേജര്‍ സെമിനാരി സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണിത്.
കാമറൂണിലെ സര്‍ക്കാരിനെതിരെ പോരാടുന്ന വിഘടനവാദികളെന്നു സ്വയം പരിചയപ്പെടുത്തിയവരാണ് മോണ്‍സിഞ്ഞോറിനെ തട്ടിക്കൊണ്ടുപോയത്. രണ്ടു കോടി കാമറൂണ്‍ ഫ്രാങ്ക് അവര്‍ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ കാര്‍ഡിനല്‍ ക്രിസ്ത്യന്‍ ടുമിയെ തട്ടിക്കൊണ്ടുപോകുകയും പിറ്റേന്ന് മോചിപ്പിക്കുകയും ചെയ്തിരുന്നു. 2020 മെയില്‍ ഇതേ രൂപതയിലെ മറ്റൊരു വൈദികനെ തട്ടിക്കൊണ്ടു പോയ ശേഷം മോചിപ്പിച്ചചത് 10 ദിവസങ്ങള്‍ക്കു ശേഷമാണ്.