ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ഒരുക്കം തുടങ്ങാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു.
അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപ്പെസ്റ്റില്‍ 2021 സെപ്റ്റമ്പര്‍ 5 മുതല്‍ 12 വരെ ആയിരിക്കും. ഈ വര്‍ഷം നടക്കേണ്ടിയിരുന്ന കോണ്‍ഗ്രസ് കോവിഡ് മൂലം അടുത്ത വര്‍ഷത്തേക്കു മാറ്റുകയായിരുന്നു. "എന്റെ എല്ലാ ഉറവകളും അങ്ങിലാണ്" എന്ന സങ്കീര്‍ത്തന വാക്യമാണ് (87:7) ഈ ദിവ്യ കാരുണ്യകോണ്‍ഗ്രസ്സിന്റെ പ്രമേയം.
ദിവ്യകാരുണ്യത്തെ സഭയുടെ ജീവിതത്തിന്റെയും ദൗത്യത്തിന്റെയും സ്രോതസായി കണ്ടുകൊണ്ട് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനുള്ള ഒരുക്കത്തില്‍ ആദ്ധ്യാത്മിക ഐക്യത്തോടെ മുന്നേറാന്‍ പാപ്പ എല്ലാവരെയും ക്ഷണിച്ചു.
ബുഡാപ്പെസ്റ്റ്, അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ വേദിയായിത്തീരുന്നത് ഇത് രണ്ടാം തവണയാണ്. 1938 ലായിരുന്നു ബുദ്ധാപ്പെസ്റ്റിലെ ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ്.
1881 ലാണ് ഒന്നാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് നടന്നത്. ഫ്രാന്‍സായിരുന്നു വേദി. അവസാനത്തേത് 2016 ജനുവരിയില്‍ ഫിലിപ്പീന്‍സിലെ സെബു നഗരത്തിലായിരുന്നു.
സാധാരണയായി, നാലുവര്‍ഷത്തിലൊരിക്കലാണ് ഒരാഴ്ച നീളുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് നടക്കുക.