
യൗവനത്തില്‍ തന്നെ രക്തസാക്ഷിത്വം വരിച്ച ഇസബെല്‍ ക്രിസ്റ്റീന കാംപോസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ബ്രസീലിന്റെ മരിയ ഗൊരേത്തി എന്നറിയപ്പെടുന്ന ഇസബെല്‍ ക്രിസ്റ്റീനയെ അള്‍ത്താരയിലേക്കുയര്‍ത്തുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ ബാര്‍ബസേന കത്തീഡ്രലില്‍ എത്തിച്ചേര്‍ന്നിരുന്നു. 1982 ല്‍ 20 -#ാ#ം വയസ്സില്‍ ഒരു ബലാത്സംഗശ്രമത്തിനിടെ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു ഇസബെല്‍ ക്രിസ്റ്റീന. അതുകൊണ്ടാണ് വി.മരിയ ഗൊരേത്തിയുമായുള്ള താരതമ്യം.
രക്തസാക്ഷിത്വം ദൈവത്തില്‍ നിന്നുള്ള കൃപാവരമാണെന്നു ചടങ്ങില്‍ മുഖ്യകാര്‍മ്മികനായ കാര്‍ഡിനല്‍ റെയ്മുണ്ടോ ഡമാസീനോ അസിസ് പ്രസ്താവിച്ചു. തന്റെ രക്തം സ്വാതന്ത്ര്യത്തിന്റെ വിത്തും വരാനിരിക്കുന്ന പ്രത്യാശയുടെ അടയാളവുമാകട്ടെയെന്ന വി. ഓസ്‌കാര്‍ റൊമേരോയുടെ വാക്കുകള്‍ അദ്ദേഹം അനുസ്മരിച്ചു.
കത്തോലിക്കാകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഇസബെല്‍ ക്രിസ്റ്റീന സ്ഥിരമായി ദിവ്യബലിയില്‍ പങ്കെടുക്കുകയും ദരിദ്രരെയും വയോധികരെയും കുഞ്ഞുങ്ങളെയും ശുശ്രൂഷിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തിരുന്നു. സെ.വിന്‍സെന്റ് ഡി പോള്‍ സഖ്യത്തിന്റെ പ്രസിഡന്റായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്നു കൗമാരത്തില്‍ തന്നെ ഇസബെലും സഖ്യത്തില്‍ അംഗമായി. ശിശുരോഗവിദഗ്ധയാകുക എന്ന ലക്ഷ്യം വച്ചു പഠനം നടത്തുന്നതിനിടെയാണ് ലൈംഗികാക്രമണം ഉണ്ടാകുന്നതും അതിനെ ചെറുക്കുന്നതിനിടെ കൊല്ലപ്പെടുന്നതും. 2001 ലാണ് നാമകരണനടപടികളാരംഭിച്ചത്.