
ധര്‍മ്മശാസ്ത്രവും സഭാപ്രബോധനവും കാലത്തിനനുസരിച്ചു വികസിക്കുമെന്നും എന്നാല്‍ നിലവിലുള്ള അതേ ദിശയില്‍ തന്നെയായിരിക്കും ഈ വികാസം നടക്കുകയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ജനനനിയന്ത്രണത്തെ കുറിച്ചുള്ള സഭയുടെ പ്രബോധനം മാറുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മാര്‍പാപ്പ. കത്തോലിക്കാ ധാര്‍മ്മിക ദൈവശാസ്ത്രം നിശ്ചലമായിരിക്കുകയില്ലെന്നും കാലത്തിനു അനുസരിച്ചു വളരുന്നതായിരിക്കുമെന്നും അങ്ങനെയാണതു കൂടുതല്‍ സ്ഥിരതയാര്‍ജിക്കുകയെന്നുമുള്ള തത്വം അഞ്ചാം നൂറ്റാണ്ടില്‍ തന്നെ വി. വിന്‍സെന്റ് ഓഫ് ലെറിന്‍സ് പഠിപ്പിച്ചിട്ടുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണു ഗവേഷണവും ദൈവശാസ്ത്രവിചിന്തനങ്ങളും നടത്തിക്കൊണ്ടിരിക്കുക എന്നത് ദൈവശാസ്ത്രജ്ഞരുടെ കടമയായിരിക്കുന്നത്. ''അരുത്'' മുന്നില്‍ വച്ചുകൊണ്ട് ദൈവശാസ്ത്രഗവേഷണം നടത്താനാകില്ല. അരുതു പറയേണ്ടത് സഭയുടെ പ്രബോധനാധികാരമാണ്. -മാര്‍പാപ്പ പറഞ്ഞു.
പങ്കാളികളുടെ ഉദ്ദേശ്യം ന്യായമായിരുന്നാലും ധാര്‍മ്മികമായ അസ്വീകാര്യമായ മാര്‍ഗങ്ങള്‍ (വന്ധ്യംകരണവും കൃത്രിമജനനനിയന്ത്രണവും) ജനനനിയന്ത്രണത്തിനായി സ്വീകരിക്കരുതെന്നു കത്തോലിക്കാസഭയുടെ വേദോപദേശം പഠിപ്പിക്കുന്നുണ്ട്. 1968 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച മനുഷ്യജീവന്‍ (ഹ്യുമാനേ വീത്തേ) എന്ന ചാക്രികലേഖനവും ഇക്കാര്യം ആവര്‍ത്തിച്ചുറപ്പിച്ചിട്ടുണ്ട്.
കാനഡായില്‍ നിന്നുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വച്ചാണു പാപ്പ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിച്ചത്. കാനഡായിലെ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ നടന്നത് സാംസ്‌കാരിക വംശഹത്യയാണെന്നു പാപ്പാ ആവര്‍ത്തിച്ചു.