

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ സ്ഥിതി ചെയ്യുന്ന സഗ്രദ ഫമിലിയ (ഹോളി ഫാമിലി) മൈനര്‍ ബസിലിക്കയുടെ മുകളിലെ ക്രിസ്തുരൂപത്തിനു മുകളിലെ കുരിശു സ്ഥാപിച്ചതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള ദേവാലയമെന്ന പദവിയും ബസിലിക്കയ്ക്കു ലഭ്യമായി. പള്ളിയുടെ നിര്‍മ്മാണം ഇതോടെ അന്തിമഘട്ടത്തിലേക്കു പ്രവേശിച്ചു. ഉയരം 535 അടിയിലെത്തിയിരിക്കുകയാണ് ഇപ്പോള്‍.
വാസ്തുശില്പി അന്റോണി ഗൗദി ഒരു നൂറ്റാണ്ടു മുമ്പു രൂപകല്പന ചെയ്ത ഗോപുരമാണ് പള്ളിയില്‍ ഇപ്പോള്‍ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലേക്കു കടന്നിരിക്കുന്നത്. ഈ നിര്‍മ്മിതിയുടെ പൂര്‍ത്തീകരണം ബസിലിക്കയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലും വാസ്തുശില്പിക്കുള്ള അഞ്ജലിയുമായിരിക്കുമെന്നു നിര്‍മ്മാണസമിതി അറിയിച്ചു.
140 വര്‍ഷമായി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേവാലയമാണ് ബാഴ്‌സലോണയിലെ സഗ്രദ ഫമിലിയ ബസിലിക്ക. ബസിലിക്കയുടെ നിര്‍മ്മാണത്തിനായി ജീവിതം പൂര്‍ണ്ണമായി മാറ്റിവച്ച വാസ്തുശില്‍പി ഗൗദി 1926-ല്‍ മരണമടഞ്ഞു. ഈ വര്‍ഷം ഏപ്രിലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ ധന്യനായി പ്രഖ്യാപിച്ചിരുന്നു.