
അമേരിക്കന്‍ ഭരണകൂടത്തിന്റെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി, നൈജീരിയായിലെ ഒണ്ടോ കത്തോലിക്കാ രൂപതാ ബിഷപ് ജൂഡ് ആരോഗുണ്‌ഡേഡുമായി കൂടിക്കാഴ്ച നടത്തി. പന്തക്കുസ്താനാളില്‍ അമ്പതിലേറെ കത്തോലിക്കര്‍ വധിക്കപ്പെട്ട പള്ളിയുള്‍പ്പെടുന്ന രൂപതയുടെ അദ്ധ്യക്ഷനാണ് ബിഷപ് ജൂഡ്. അമേരിക്കന്‍ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം സൂമിലായിരുന്നു ഇരുവരുടെയും സംഭാഷണം. നൈജീരിയായിലെ ക്രൈസ്തവര്‍ നേരിടുന്ന സുരക്ഷാപ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടതെന്നു യു എസ് അധികാരികള്‍ അറിയിച്ചു.
യു എസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറി വിക്‌ടോറിയ നുലാന്ദ് വൈകാതെ നൈജീരിയായിലേയ്ക്ക് ഒരു ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നുണ്ട്. ഈ സന്ദര്‍ശനവേളയില്‍ ക്രൈസ്തവനേതാക്കളെ നേരില്‍ കാണാന്‍ അവസരമുണ്ടാക്കണമെന്ന് യു എസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ നൈജീരിയായില്‍ ഒതുങ്ങി നിന്നിരുന്ന ഇസ്ലാമിക ഭീകരവാദികളുടെ ക്രിസ്ത്യന്‍ വിരുദ്ധ അക്രമങ്ങള്‍ തെക്കന്‍ നൈജീരിയായിലേയ്ക്കു വ്യാപിക്കുന്നതില്‍ യു എസ് രാഷ്ട്രീയകക്ഷി നേതാക്കള്‍ ഭരണകൂടത്തെ ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്. തെക്കന്‍ നൈജീരിയാ ക്രൈസ്തവര്‍ക്കു ഭൂരിപക്ഷമുള്ളതും എണ്ണയുത്പാദനം നടക്കുന്നതുമായ പ്രദേശമാണ്.
മതസ്വാതന്ത്ര്യവിഷയത്തില്‍ ഉത്കണ്ഠാകുലമായ സ്ഥിതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് യു എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഈയിടെ നൈജീരിയായെ ഒഴിവാക്കിയിരുന്നു. പന്തക്കുസ്താനാളിലെ കൂട്ടക്കൊലയ്ക്കു ശേഷം ഈ നടപടി അമേരിക്കയില്‍ നിശിതമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. മതവിശ്വാസത്തിന്റെ പേരില്‍ ഓരോ രണ്ടു മണിക്കൂറിലും ഒരു ക്രിസ്ത്യാനി വീതം കൊല്ലപ്പെടുന്ന സ്ഥിതിയാണ് ഇപ്പോള്‍ നൈജീരിയായിലുള്ളതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഓരോ ദിവസവും 13 ക്രൈസ്തവര്‍ എന്ന നിലയില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ് നൈജീരിയായില്‍.