ചൈനയില്‍ മെത്രാനെ അറസ്റ്റ് ചെയ്തു

ചൈനയില്‍ മെത്രാനെ അറസ്റ്റ് ചെയ്തു

രൂപതാ ഭരണത്തില്‍ നിന്ന് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നേരത്തെ നീക്കം ചെയ്ത ബിഷപ്പ് പീറ്റര്‍ ഷാവോ ഷുമിംഗിനെ അറസ്റ്റ് ചെയ്തു തടവിലാക്കി. വേനല്‍, ശൈത്യം എന്നിങ്ങനെ എല്ലാ കാലത്തേക്കും വേണ്ട വസ്ത്രങ്ങള്‍ എടുത്തുകൊള്ളാന്‍ ബിഷപ്പിനോട് പോലീസ് നിര്‍ദ്ദേശിച്ചു. ഇദ്ദേഹത്തിന്റെ തടങ്കല്‍ ദീര്‍ഘകാലത്തേക്ക് ആയിരിക്കും എന്ന് സൂചനയാണ് ഇതില്‍നിന്ന് ലഭിക്കുന്നത്. മറ്റു മെത്രാന്മാരുടെ കാര്യത്തില്‍ എന്നപോലെ ഇദ്ദേഹത്തെയും കൊണ്ടുപോയത് എങ്ങോട്ടാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

രൂപതാഭരണത്തില്‍ തന്റെ അറിവില്ലാതെ നടത്തുന്ന കാര്യങ്ങളെക്കുറിച്ച് നിരാശ പ്രകടിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് അംഗീകൃത അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ബിഷപ്പ് ഒരു കത്ത് അയച്ചിരുന്നു. ഇതാണ് ഇപ്പോഴത്തെ അറസ്റ്റില്‍ കലാശിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്.

1989 പുരോഹിതനായ ബിഷപ്പ് 2011 ലാണ് ഈ രൂപതയുടെ പിന്തുടര്‍ച്ച അവകാശമുള്ള മെത്രാനായി നിയമിതനായത്. മാര്‍പാപ്പയും ഈ നിയമനത്തെ അംഗീകരിച്ചിരുന്നു. രൂപതാധ്യക്ഷന്റെ മരണത്തെ തുടര്‍ന്ന് 2016ല്‍ അദ്ദേഹം രൂപത അധ്യക്ഷനായി. പക്ഷേ അദ്ദേഹത്തിന്റെ അധ്യക്ഷ പദവി ചൈനീസ് ഭരണകൂടം അംഗീകരിച്ചില്ല. പകരം മറ്റൊരു വൈദികനെ അവര്‍ രൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയായിരുന്നു. 61 കാരനായ ഈ ബിഷപ്പിനെ ഭരണകൂടം മുമ്പും പലതവണ പീഡിപ്പിച്ചിട്ടുണ്ട്. മെത്രാന്റെ അറസ്റ്റിനെ കുറിച്ച് വത്തിക്കാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ 2017 ല്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുകയും ബിഷപ്പിന്റെ അധികാരങ്ങള്‍ എടുത്തു കളയുകയും ചെയ്തതിനെ വത്തിക്കാന്‍ അപലപിച്ചിരുന്നു.

മെത്രാന്മാരുടെ നിയമനത്തിന് വത്തിക്കാനും ചൈനയും തമ്മില്‍ 2018 ല്‍ ഒരു ധാരണയില്‍ ഒപ്പു വച്ചിരുന്നു. ഈ താല്‍ക്കാലിക ധാരണ 2020 പുതുക്കിയിരുന്നു. ഈ ധാരണ നിലവില്‍ വന്നെങ്കിലും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കത്തോലിക്ക വൈദികരെയും മെത്രാന്മാരെയും പീഡിപ്പിക്കുന്നത് ഭരണകൂടം നിര്‍ത്തിയിട്ടില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org