യെമനിലെ യുദ്ധം നിറുത്താന്‍ ലോകം ഇടപെടണം -ബിഷപ് ഹിന്‍ഡര്‍

യെമനിലെ യുദ്ധം നിറുത്താന്‍ ലോകം ഇടപെടണം -ബിഷപ് ഹിന്‍ഡര്‍
Published on

ദുരന്തപൂര്‍ണമായിക്കൊണ്ടിരിക്കുന്ന യെമനിലെ യുദ്ധം നിറുത്താന്‍ ലോകത്തിന്‍റെ ഇടപെടല്‍ ആവശ്യമാണെന്ന് ബിഷപ് പോള്‍ ഹിന്‍ഡര്‍ പ്രസ്താവിച്ചു. യെമന്‍, ഒമാന്‍, യു എ ഇ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ അറേബ്യന്‍ വികാരിയാത്തിന്‍റെ അദ്ധ്യക്ഷനാണ് ബിഷപ് ഹിന്‍ഡര്‍. ഏകദേശം 9 ലക്ഷത്തോളം കത്തോലിക്കരാണ് ഈ മൂന്നു രാജ്യങ്ങളിലായി ഉള്ളത്. 16 ഇടവകകളും 18 രൂപതാ വൈദികരും 49 സന്യാസ വൈദികരുമാണ് ഇവര്‍ക്ക് അജപാലനസേവനമെത്തിക്കുന്നത്. തീരെ കുറവാണെങ്കില്‍ കൂടിയും യെമനില്‍ ക്രൈസ്തവരുണ്ടെന്ന കാര്യം തന്നെ പുറത്തുള്ള സഭയ്ക്കറിയാത്ത സ്ഥിതിയാണെന്നു ബിഷപ് പറഞ്ഞു.

യുദ്ധങ്ങളുടേയും സംഘര്‍ഷങ്ങളുടേയും നീണ്ട ചരിത്രം പേറുന്ന നാടാണു യെമന്‍ എന്ന് ബിഷപ് ഹിന്‍ഡര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നു വര്‍ഷത്തെ സംഘര്‍ഷങ്ങളില്‍ 6500 ലേറെ സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. 20 ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി. ഏതാണ്ട് ഒന്നര കോടിയോളം ജനങ്ങള്‍ പട്ടിണിയെ അഭിമുഖീകരിക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

യെമന്‍റെ പ്രശ്നം സങ്കീര്‍ണമാണെന്നും കൃത്യമായ പരിഹാരം ആര്‍ക്കെങ്കിലും നിര്‍ദേശിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും ബിഷപ് ഹിന്‍ഡര്‍ പറഞ്ഞു. എന്നാല്‍ ആദ്യം വേണ്ടത് ഒരു വെടിനിറുത്തലാണ്. മാനവീകസഹായങ്ങള്‍ എത്തിക്കാന്‍ ഇതാവശ്യമാണ്. അല്ലെങ്കില്‍ ജനലക്ഷങ്ങള്‍ പട്ടിണി അനുഭവിക്കേണ്ടി വരും. തുടര്‍ന്ന് വിവിധ ഗോത്രങ്ങള്‍ക്കിടയില്‍ അനുരഞ്ജനത്തിന് യെമനു പുറമെ നിന്നുള്ള മദ്ധ്യസ്ഥന്മാര്‍ ശ്രമങ്ങള്‍ നടത്തണം – ബിഷപ് നിര്‍ദേശിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org