ബോംബിന്റെ കഷണവുമായി ഉക്രെനിയന്‍ സഭാദ്ധ്യക്ഷന്‍ റോമില്‍

ബോംബിന്റെ കഷണവുമായി ഉക്രെനിയന്‍ സഭാദ്ധ്യക്ഷന്‍ റോമില്‍

ഉക്രെനിയന്‍ ഗ്രീക്ക് കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് സ്‌വ്യാത്തോസ്ലാവ് ഷെവ്ചുക് റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കാണാനെത്തിയത് ഒരു കുഴിബോംബിന്റെ ചീളുമായി. റഷ്യ ഉക്രെയിനില്‍ നടത്തുന്ന യുദ്ധം മൂലം ജനം അനുഭവിക്കുന്ന ദുരിതങ്ങളുടെ പ്രതീകമായി അത് അദ്ദേഹം പാപ്പായ്ക്കു സമ്മാനിച്ചു. ഫെ ബ്രുവരിയില്‍ റഷ്യ ഉക്രെയിനില്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മേജര്‍ ആര്‍ച്ചുബിഷപ് രാജ്യത്തിനു പുറത്തു പോകുന്നത്. പാപ്പായുമായും റോമന്‍ കൂരിയായിലെ അംഗങ്ങളുമായും യുദ്ധത്തിന്റെ കെടുതികള്‍ അദ്ദേഹം പങ്കുവച്ചു.

ഉക്രെയിനിലെ ഇര്‍പിന്‍ എന്ന പട്ടണത്തില്‍ ഒരു ഗ്രീക്ക് കത്തോലിക്കാദേവാലയത്തിന്റെ മുന്‍ഭാഗം തകര്‍ത്ത ബോംബിന്റെ കഷണമാണ് മേജര്‍ ആര്‍ച്ചുബിഷപ് കൊണ്ടു വന്നത്. റഷ്യയുടെ ആദ്യത്തെ പ്രധാന ആക്രമണങ്ങള്‍ നടന്ന സ്ഥലമാണ് ഇര്‍പിന്‍. ഈ പട്ടണം ഉക്രെനിയന്‍ സേന പിന്നീടു തിരിച്ചു പിടിച്ചു. സ്‌ഫോടനങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ ശരീരങ്ങളില്‍ നിന്നു കണ്ടെടുക്കുന്നവയാണ് മാര്‍പാപ്പയ്ക്കു സമ്മാനിച്ച തരം ബോംബുകഷണങ്ങളെന്നും വളരെ പ്രതീകാത്മകമായ ഒരു സമ്മാനമാണതെന്നും ഉക്രെനിയന്‍ ഗ്രീക്ക് കത്തോലിക്കാസഭ പത്രക്കുറിപ്പില്‍ പ്രസ്താവിച്ചു.

റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ 45 ലക്ഷം ഉക്രെനിയക്കാര്‍ക്കു ദുരിതങ്ങളുണ്ടായിട്ടുണ്ടെന്നു പ്രസിഡന്റ് വോളോദിമിര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു. 29,000 പൗരന്മാര്‍ യുദ്ധത്തില്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

ഉക്രെനിയന്‍ ജനതയോടു മാനസികമായി താന്‍ ചേര്‍ന്നു നില്‍ക്കുന്നതായും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളും തുടരുന്നുണ്ടെന്നും പാപ്പ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org