മുന്‍ അര്‍മേനിയന്‍ പാത്രിയര്‍ക്കീസിന്റെ മൃതദേഹം ലെബനോനിലേക്ക്

മുന്‍ അര്‍മേനിയന്‍ പാത്രിയര്‍ക്കീസിന്റെ മൃതദേഹം ലെബനോനിലേക്ക്
Published on

റോമില്‍ കബറടക്കിയിരുന്ന അര്‍മേനിയന്‍ കത്തോലിക്കാസഭയുടെ മുന്‍ പാത്രിയര്‍ക്കീസ് ഗ്രിഗറി പീറ്റര്‍ പതിനഞ്ചാമന്‍ അഗാഗിയാനിയാന്റെ മൃതദേഹം ലെബനോനിലേക്ക് കൊണ്ടുവന്നു. മൃതദേഹം ലെബനോനിലേക്ക് സ്വീകരിക്കുന്ന ചടങ്ങില്‍ വിവിധ സഭാവിഭാഗങ്ങളില്‍പ്പെട്ട ആയിരങ്ങള്‍ സംബന്ധിച്ചു. ബെയ്‌റൂട്ടിലെ അര്‍മേനിയന്‍ കത്തോലിക്ക കത്തീഡ്രലില്‍ ആയിരിക്കും മൃതദേഹം അടക്കം ചെയ്യുക.

2022-ല്‍ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് മൃതദേഹം അദ്ദേഹത്തിന്റെ മാതൃരാജ്യത്ത് പുനഃസംസ്‌കരിക്കുന്നത്.

അര്‍മേനിയന്‍ ക്രൈസ്തവ സമൂഹത്തിന്റെ ഐക്യം ലോകത്തിനു മുമ്പില്‍ പ്രകടമാക്കുന്നതിനാണ് മുന്‍പാത്രിയര്‍ക്കീസിന്റെ മൃതദേഹം സ്വന്തം നാട്ടില്‍ പുനര്‍ സംസ്‌കരിക്കുന്നത് എന്ന് ഇപ്പോഴത്തെ അര്‍മേനിയന്‍ കത്തോലിക്ക പാത്രിയര്‍ക്കീസ് റാഫേല്‍ ബെദ്രോസ് പതിനാറാമന്‍ മിനാസിയാന്‍ പ്രസ്താവിച്ചു. മാരൊനൈറ്റ് കത്തോലിക്ക പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ ബഷാറ ബുട്രോസ് അല്‍ റാഹിയും ചടങ്ങില്‍ സംബന്ധിച്ചു.

ശീതയുദ്ധകാലത്ത് കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ ചെറുത്തുനില്‍ക്കുന്നതിനു സഭയ്ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് കാര്‍ഡിനല്‍ അഗാഗിയാനിയാന്‍. വിശ്വാസപ്രചാരണ കാര്യാലയത്തിന്റെ അധ്യക്ഷനായി 12 വര്‍ഷം അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

മാര്‍പാപ്പയ്ക്ക് തൊട്ടു താഴെയുള്ള അധികാര കേന്ദ്രമായി ലോകമെങ്ങുമുള്ള മിഷന്‍ പ്രവര്‍ത്തനത്തിന് അദ്ദേഹം നേതൃത്വം നല്‍കി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ നാല് മോഡറേറ്റര്‍മാരില്‍ ഒരാളായിരുന്നു. 1958 ലും 1963 ലും മാര്‍പാപ്പയാകും എന്ന് പ്രതീക്ഷിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു. അനേകം ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org