വത്തിക്കാന്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി പാപ്പായുടെ ഉത്തരവ്

വത്തിക്കാന്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി പാപ്പായുടെ ഉത്തരവ്
Published on

പ്രസവത്തോടനുബന്ധിച്ച് കുഞ്ഞുങ്ങളുടെ പിതാക്കന്മാര്‍ക്ക് നല്‍കുന്ന അവധി വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ വത്തിക്കാന്‍ ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന ഉത്തരവില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഒപ്പുവച്ചു.

കുഞ്ഞ് ജനിക്കുന്ന പിതാക്കന്മാര്‍ക്ക് ഇനി മുതല്‍ പൂര്‍ണ്ണ ശമ്പളത്തോടെയുള്ള അവധി അഞ്ചു ദിവസമായി വര്‍ധിപ്പിച്ചു. ഇതു പ്രസവത്തിനുശേഷം ഒരു മാസത്തിനുള്ളില്‍ ഒരുമിച്ചോ പല തവണയായോ എടുക്കാം. 2022 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഈ അവധി അനുവദിച്ചത്.

ഗുരുതരമായ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒരു മാസം 3 അവധി ശമ്പളത്തോടുകൂടി അനുവദിച്ചിരിക്കുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെങ്കില്‍ ഈ അവധി ഒരുമിച്ചോ പല തവണയായോ ഓരോ മാസവും എടുക്കാം. ഇത്തരം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം പ്രത്യേക തുകയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷി വിലയിരുത്തുന്നത് വത്തിക്കാന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആയിരിക്കും.

പ്രായപൂര്‍ത്തി ആയെങ്കിലും വിദ്യാഭ്യാസം തുടരുന്ന മക്കള്‍ക്കുള്ള ആനുകൂല്യങ്ങളും മാര്‍പാപ്പ വര്‍ധിപ്പിച്ചു. സെക്കന്‍ഡറി സ്‌കൂള്‍ പഠനത്തിനായി 20 വയസ്സുവരെയും യൂണിവേഴ്‌സിറ്റി പഠനങ്ങള്‍ക്കായി 26 വയസ്സുവരെയും വത്തിക്കാന്‍ ജീവനക്കാരുടെ മക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org