ബെനഡിക്ട് പതിനാറാമന്‍ എന്നും തന്നെ പിന്തുണച്ചിരുന്നുവെന്നു ഫ്രാന്‍സിസ് പാപ്പ

ബെനഡിക്ട് പതിനാറാമന്‍ എന്നും തന്നെ പിന്തുണച്ചിരുന്നുവെന്നു ഫ്രാന്‍സിസ് പാപ്പ

ബെനഡിക്ട് പതിനാറാമന്‍ എന്നും തനിക്കൊപ്പം നിന്നിരുന്നുവെന്നും എല്ലാ പിന്തുണയും നല്‍കിയിരുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു. എന്തു വിഷയവും തങ്ങള്‍ തമ്മില്‍ തുറന്നു പറയുമായിരുന്നു. പലരും പറഞ്ഞു പരത്തിയതു പോലെ അദ്ദേഹം ഒരു കഠിനഹൃദയന്‍ ആയിരുന്നില്ല. എന്നാല്‍ ബെനഡിക്ട് പാപ്പായുടെ മരണത്തെ പലരും സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കുന്നുണ്ട്. അത് പക്ഷപാതിത്വവും അധാര്‍മ്മികവുമാണ്. ദൈവശാസ്ത്ര നിലപാടുകളില്‍ നിന്ന് രാഷ്ട്രീയകക്ഷികള്‍ രൂപപ്പെടുത്താനുള്ള പ്രവണത വ്യാപകമാണ്. അവ സ്വയം ഇല്ലാതായിക്കൊള്ളും. -മാര്‍പാപ്പ വിശദീകരിച്ചു. ആഫ്രിക്കന്‍ സന്ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയില്‍ വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മാര്‍പാപ്പ.

പരസ്പരം സംസാരിച്ചു കാര്യങ്ങള്‍ മനസ്സിലാക്കിയതിന് തങ്ങള്‍ക്കിടയിലുണ്ടായ ഒരനുഭവവും ഫ്രാന്‍സിസ് പാപ്പ പങ്കു വച്ചു. ഫ്രാന്‍സ് കൊണ്ടു വന്ന ഒരു പുതിയ നിയമം സ്വവര്‍ഗദമ്പതിമാര്‍ക്ക് സ്വത്തുസമ്പാദനത്തിനുവേണ്ടി ഉപയോഗിക്കാന്‍ കഴിഞ്ഞേക്കുമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിപ്രായം വളച്ചൊടിച്ച് ആരോ ബെനഡിക്ട് പാപ്പായെ ധരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. രണ്ടു വ്യക്തികള്‍ തമ്മില്‍, നൈയാമിക വിവാഹത്തിന്റെ ഉത്തരവാദിത്വങ്ങളോ അവകാശങ്ങളോ കൂടാതെ സിവില്‍ യൂണിയന്‍ ഉണ്ടാക്കാന്‍ അനുവദിക്കുന്ന നിയമമായിരുന്നു അത്. ഇതു സംബന്ധിച്ച് ഫ്രാന്‍സിസ് പാപ്പാക്കെതിരെ പരാതിയുമായി ഒരു ദൈവശാസ്ത്രജ്ഞന്‍ ബെനഡിക്ട് പാപ്പായെ സമീപിച്ചപ്പോള്‍, ദൈവശാസ്ത്രജ്ഞരായ നാലു കാര്‍ഡിനല്‍മാരെ വിളിച്ച് ഈ പുതിയ കാര്യം തനിക്കു വിശദീകരിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയാണ് ബെനഡിക്ട് പാപ്പാ ചെയ്തത്. കാര്യങ്ങള്‍ അദ്ദേഹത്തിനു ബോദ്ധ്യപ്പെടുകയും ചെയ്തു. ഇങ്ങനെയാണ് പ്രശ്‌നങ്ങളെ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത് - ഫ്രാന്‍സിസ് പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org