കാട്ടുതീ: അടിയന്തര നടപടികള്‍ വേണമെന്ന് ബോളീവിയന്‍ സഭ

കാട്ടുതീ: അടിയന്തര നടപടികള്‍ വേണമെന്ന് ബോളീവിയന്‍ സഭ
Published on

ലാറ്റിനമേരിക്കന്‍ രാജ്യമായ ബൊളിവിയയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ ലക്ഷക്കണക്കിനേക്കര്‍ പ്രദേശങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ തീയണയ്ക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബൊളീവിയന്‍ കത്തോലിക്ക മെത്രാന്‍ സംഘം ഭരണാധികാരികളോട് ആവശ്യപ്പെട്ടു.

തീ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഗുരുതരമായ നാശമാണ് ഉണ്ടാക്കുക എന്ന് മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. മനുഷ്യനിര്‍മ്മിതമായ വലിയ പാരിസ്ഥിതിക ദുരന്തമാണ് കാട്ടുതീ എന്ന് മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.

വെറും തീയണയ്ക്കുന്ന വിഷയം മാത്രമല്ല ഇത്. ഇതുമൂലം അനുദിനജീവിതം ദുരിത പൂര്‍ണ്ണമായി മാറിയിരിക്കുന്ന അനേകായിരം മനുഷ്യരെ സഹായിക്കുന്ന നടപടികള്‍ കൂടിയാണ് ഉണ്ടാകേണ്ടത്.

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീക്കാണ് ബൊളീവിയ ഇപ്പോള്‍ വിധേയമായിരിക്കുന്നതെന്ന് പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ 75 ലക്ഷം ഏക്കറോളം ഭൂമിയാണ് കത്തി നശിച്ചിരിക്കുന്നത്. ബൊളീവിയ അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഭൂമി ഒരുക്കുന്നതിന് തീയിടുന്ന രീതിയെ മെത്രാന്മാര്‍ വിമര്‍ശിച്ചു. ഇത് മറ്റു ജീവജാലങ്ങള്‍ക്ക് മാത്രമല്ല ഈ പ്രദേശങ്ങളില്‍ അധിവസിക്കുന്ന മനുഷ്യര്‍ക്കു കൂടി ദുരിതമായി മാറുകയാണെന്ന് മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.

വീടുകള്‍ നശിക്കുന്നു, അന്തരീക്ഷം മലിനമാകുന്നു, ഇതിന്റെ ഫലമായി മനുഷ്യരുടെ വിശേഷിച്ചും കുട്ടികളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു - മെത്രാന്മാര്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org