ആഫ്രിക്കന്‍ രാജ്യമായ കോംഗൊ റിപ്പബ്ലിക്കില്‍ 3 വൈദികരും ഒരു സന്ന്യസ്തനുമുള്‍പ്പടെ നാലുപേര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെട്ടു.
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമത്തിലുള്ള പ്രേഷിതസമൂഹത്തിലെ വൈദികരായ ഇറ്റലി സ്വദേശികളായ ലുയീജി കറാറ, ജൊവാന്നി ദിദൊണേ, ഇതേ സമൂഹത്തിലെ സന്ന്യസ്തസഹോദരന്‍, ഇറ്റലിക്കാരന്‍ വിത്തോറിയൊ ഫാച്ചിന്‍, കോംഗൊ സ്വദേശിയായ ഇടവക വൈദികന്‍ അല്‍ബേര്‍ത്ത് ഷുബേര്‍ എന്നീ രക്തസാക്ഷികളാണ് ആഗസ്റ്റ് 18-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത്.
കോംഗൊയിലെ കിന്‍ഷാസ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ഫ്രിദൊളിന്‍ ബെസൂംഗു, ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധീകരിച്ച് ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
പിയെര്‍ മുലേലെയുടെ നേതൃത്വത്തില്‍ കോംഗൊയുടെ സര്‍ക്കാരിനും അന്നാട്ടില്‍ യൂറോപ്പുകാരുടെ സാന്നിധ്യത്തിനും എതിരായി ആരംഭിച്ച കലാപകാലത്ത് 1964 നവംബര്‍ 28-നാണ് ഇപ്പോള്‍ വാഴ്ത്തപ്പെട്ടവരായി ഉയര്‍ത്തപ്പെട്ട ഈ പ്രേഷിതര്‍ വധിക്കപ്പെട്ടത്.
വിത്തോറിയൊ ഫാച്ചിനും ലുയീജി കറാറായും ബറാക്ക എന്ന സ്ഥലത്തെ ഒരു ദേവാലയത്തിനു മുന്നില്‍ വച്ചാണ് വെടിയേറ്റു മരിച്ചത്. അല്‍ബേര്‍ത്ത് ഷുബേറിനെയും ജൊവാന്നി ദിദൊണേയെയും വിപ്ലവകാരികള്‍ വെടിവെച്ചു കൊന്നത് ഫീത്സിയിലെ ഇടവകയില്‍ വച്ചായിരുന്നു.
കോംഗോയിലെ കലാപകാലത്ത് യൂറോപ്പുകാരും നല്ലൊരു ശതമാനം കത്തോലിക്ക പ്രേഷിതരും പ്രോട്ടസ്റ്റന്റുകാരും കോംഗൊ വിട്ടുപോയിരുന്നു. എന്നാല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പ്രേഷിതര്‍ അന്നാട്ടില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.