ബെനഡിക്ട് പാപ്പാ റോമില്‍ മടങ്ങിയെത്തി

ബെനഡിക്ട് പാപ്പാ റോമില്‍ മടങ്ങിയെത്തി
Published on

വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമന്‍ മാതൃരാജ്യമായ ജര്‍മ്മനിയിലേയ്ക്കു നടത്തിയ ഹ്രസ്വ സന്ദര്‍ശനത്തിനുശേഷം റോമില്‍ മടങ്ങിയെത്തി. സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറിനെ കാണുകയായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. 93-കാരനായ പാപ്പായും 96-കാരനായ സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറും തമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ച ആയേക്കാമിതെന്നു റേഗന്‍സ്ബുര്‍ഗ് രൂപത പത്രക്കുറിപ്പില്‍ സൂചിപ്പിച്ചു. വിഷാദവും ആനന്ദവും നിറഞ്ഞു നിന്ന സന്ദര്‍ശനം റാറ്റ്‌സിംഗര്‍ സഹോദരങ്ങളുടെ സാഹോദര്യത്തിന്റെ ആഴം വെളിപ്പെടുത്തിയെന്നു റേഗന്‍സ്ബുര്‍ഗ് ബിഷപ് റുഡോള്‍ഫ് വോള്‍ഡര്‍ഹോള്‍സര്‍ പറഞ്ഞു.

മടങ്ങുന്നതിനു മുമ്പു, തന്റെ മാതാപിതാക്കളുടെയും സഹോദരിയുടേയും കബറിടം സന്ദര്‍ശിച്ചു ബെനഡിക്ട് പതിനാറാമന്‍ പ്രാര്‍ത്ഥന നടത്തി. റേഗന്‍സ്ബുര്‍ഗില്‍ താന്‍ പണ്ടു താമസിച്ചിരുന്ന വീടും അദ്ദേഹം സന്ദര്‍ശിച്ചു. 1977-ല്‍ മ്യൂണിക്് ആര്‍ച്ചുബിഷപ്പായി നിയമിക്കപ്പെടുന്നതുവരെ റേഗന്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായി ജോലി ചെയ്തിരുന്നപ്പോള്‍ അദ്ദേഹം താമസിച്ചിരുന്ന ഭവനമാണിത്. ഇപ്പോഴിത് അദ്ദേഹത്തിന്റെ ദൈവശാസ്ത്രസംഭാവനകള്‍ പഠനവിധേയമാക്കുന്ന ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനകാര്യാലയമായി ഉപയോഗിക്കുകയാണ്. പതിനാലു വര്‍ഷം മുമ്പ് മാര്‍പാപ്പയെന്ന നിലയിലുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ബെനഡിക്ട് പതിനാറാമന്‍ ഒടുവില്‍ തന്റെ മാതൃരാജ്യത്തെത്തിയത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org