കത്തീഡ്രല്‍ സ്വന്തമായതിന്റെ സന്തോഷത്തില്‍ ബഹ്‌റിനിലെ കത്തോലിക്കര്‍

കത്തീഡ്രല്‍ സ്വന്തമായതിന്റെ
സന്തോഷത്തില്‍ ബഹ്‌റിനിലെ
കത്തോലിക്കര്‍

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയം തങ്ങള്‍ക്കു സ്വന്തമായതിന്റെ ആനന്ദത്തോടെ ബഹ്‌റിനിലെ കത്തോലിക്കര്‍ അറേബ്യാമാതാവിന്റെ നാമധേയത്തിലുള്ള പുതിയ കത്തീഡ്രലിന്റെ ഉദ്ഘാടനത്തിലും ആശീര്‍വാദത്തിലും പങ്കെടുത്തു. 90,000 ല്‍ പരം കത്തോലിക്കര്‍ താമസിക്കുന്ന ബഹ്‌റിനില്‍ മനാമയിലുള്ള ഒരു പള്ളി മാത്രമേ ആരാധാനാവശ്യങ്ങള്‍ക്ക് ഇതുവരെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആഴ്ചയവസാനങ്ങളില്‍ ആ പള്ളിയില്‍ 25 ദിവ്യബലികള്‍ വരെ അര്‍പ്പിക്കപ്പെട്ടിരുന്നു.

വത്തിക്കാന്‍ സുവിശേഷവത്കരണകാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ലുയി അന്റോണിയോ ടാഗ്ലെയാണ് കത്തീഡ്രലിന്റെ കുദാശാകര്‍മ്മം നിര്‍വഹിച്ചത്. ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെങ്കിലും സഭയുടെ നിര്‍മ്മാണം നിരന്തരം തുടരുന്ന ഒരു പ്രക്രിയയാണെന്നു കാര്‍ഡിനല്‍ പ്രസ്താവിച്ചു. ദേവാലയത്തില്‍ കൂടെക്കൂടെ വരാനും അവിടെ കാത്തിരിക്കുന്ന ദൈവപിതാവിനോടു സംഭാഷണത്തിലേര്‍പ്പെടാനും അദ്ദേഹം ആഹ്വാനം ചെയ്തു. കൂദാശയുടെ തലേന്ന് ബഹ്‌റിന്‍ രാജാവിന്റെ മകനായ ഷെയ്ഖ് അബ്ദുള്ളാ ബിന്‍ ഹമദ് അല്‍ ഖാലിഫ ദേവാലയം ഉദ്ഘാടനം ചെയ്തു. കാര്‍ഡിനല്‍ ടാഗ്ലെയും നുണ്‍ഷ്യോ ആര്‍ച്ചുബിഷപ് യൂജിന്‍ എം ന്യൂജെന്റും ബിഷപ് പോള്‍ ഹിന്‍ഡറും ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു. ബഹ്‌റിന്‍ രാജാവ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് കത്തീഡ്രല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ബഹ്‌റിന്‍ ഉള്‍പ്പെടുന്ന വടക്കന്‍ അറേബ്യന്‍ വികാരിയാത്തിന്റെ അജപാലനചുമതല ഇപ്പോള്‍ നിര്‍വഹിക്കുന്നത് ബിഷപ് പോള്‍ ഹിന്‍ഡറാണ്. കത്തീഡ്രല്‍ നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കു വഹിച്ച ബിഷപ് കമില്ലോ ബാലിന്‍ 2020 ല്‍ നിര്യാതനായതിനെ തുടര്‍ന്നാണ് ബിഷപ് ഹിന്‍ഡര്‍ ഈ ചുമതലയിലേയ്ക്കു വന്നത്. വികാരിയാത്തിനു പുതിയ മെത്രാനെ നിയമിക്കണമെന്നു ബിഷപ് ഹിന്‍ഡര്‍ ചടങ്ങില്‍ കാര്‍ഡിനല്‍ ടാഗ്ലെയോട് അഭ്യര്‍ത്ഥിച്ചു. അബുദാബി ആസ്ഥാനമായി ദക്ഷിണ അറേബ്യന്‍ വികാരിയാത്തിന്റെ ചുമതല വഹിച്ചു വരികയാണ് ബിഷപ് ഹിന്‍ഡര്‍. ബഹ്‌റിന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവയാണ് വടക്കന്‍ അറേബ്യന്‍ വികാരിയാത്തിന്റെ പരിധിയില്‍ വരുന്ന രാജ്യങ്ങള്‍. യു എ ഇ, ഒമാന്‍, യെമന്‍ എന്നിവയാണ് ദക്ഷിണ അറേബ്യന്‍ വികാരിയാത്തില്‍ വരുന്നത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org