
കുടിയേറ്റക്കാരെ അനുകമ്പാപൂര്‍വം സ്വാഗതം ചെയ്യണമെന്നു ആസ്‌ത്രേലിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടു. കുടിയേറ്റക്കാര്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ രാജ്യത്തു വര്‍ധിച്ചു വരുന്നതിനിടെയാണ് കത്തോലിക്കാസഭ സ്വന്തം നിലപാട് ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. ഐര്‍ലണ്ടിലും തദ്ദേശിയ കത്തോലിക്കാസഭാ നേതൃത്വം കുടിയേറ്റവിരുദ്ധ മനോഭാവത്തിനെതിരെ രംഗത്തു വന്നിരുന്നു.
ആസ്‌ത്രേലിയായുടെ കുടിയേറ്റനയത്തെ സ്വാധീനിച്ച ഇടയലേഖനത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മെത്രാന്‍ സംഘത്തിന്റെ ഇപ്പോഴത്തെ പ്രതികരണം വന്നിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദുരിതബാധിതമായ യൂറോപ്യന്‍ ജനതയോട് മഹത്തായ ഔദാര്യം പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെടുന്നതായിരുന്നു ''കുടിയേറ്റത്തെ സംബന്ധിച്ച്'' എന്ന പേരില്‍ 1950 ല്‍ ആസ്‌ത്രേലിയന്‍ മെത്രാന്‍ സംഘം പ്രസിദ്ധീകരിച്ച ഇടയലേഖനം.
ആ ഇടയലേഖനത്തിലെ വാക്കുകള്‍ ഇന്നും പ്രസക്തമാണെന്ന് പുതിയ ഇടയലേഖനം ഓര്‍മ്മിപ്പിക്കുന്നു. പുതുജീവിതം തേടുന്ന അനേകായിരങ്ങള്‍ക്ക് നമ്മുടെ രാജ്യം വീണ്ടും അഭയസ്ഥാനവും പുണ്യകേന്ദ്രവുമായി വര്‍ത്തിക്കുന്നു. അവര്‍ സ്വന്തം മാതൃഭൂമികളിലെ ദുരിതങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെടുന്നവരാകാം, ആസ്‌ത്രേലിയ വാഗ്ദാനം ചെയ്യുന്ന പുതിയ അവസരങ്ങളും സ്വാതന്ത്ര്യവും സമൃദ്ധിയും തേടുന്നവരുമാകാം എന്നു മെത്രാന്മാര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തേക്കു പുതുതായി കടന്നുവരുന്നവര്‍ക്ക്് ക്ഷമയും കരുണയും സഹതാപവും പ്രായോഗികസഹായങ്ങളും നല്‍കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു 1950 ലെ ഇടയലേഖനം. ആസ്‌ത്രേലിയായിലെങ്ങുമുള്ള പള്ളികളില്‍ വായിച്ച ആ ഇടയലേഖനം ജനങ്ങളുടെ മനോഭാവത്തെ സ്വാധീനിച്ചിരുന്നു. ഭവനരഹിതരും രാഷ്ട്രരഹിതരും പീഡിതരുമായ ആയിരങ്ങള്‍ക്ക് ദൈവപരിപാലനയാല്‍ ആസ്‌ത്രേലിയ ഒരു ഭവനവും അഭയവും പുണ്യകേന്ദ്രവും ആയിരിക്കുകയാണെന്ന് ആ ഇടയലേഖനത്തില്‍ മെത്രാന്മാര്‍ എഴുതി.
കുടിയേറ്റക്കാര്‍ക്ക് തങ്ങളുടെ രാജ്യത്തിനു വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് മെത്രാന്‍ സംഘത്തിന്റെ സുവിശേഷവത്കരണ, അത്മായ കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ രേഖ ചൂണ്ടിക്കാണിക്കുന്നു. ആസ്‌ത്രേലിയന്‍ ജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്ന് വിദേശങ്ങളില്‍ ജനിച്ചവരാണെന്നും രേഖ വ്യക്തമാക്കുന്നു.