
ഓസ്‌ട്രേലിയയിലെ ബ്രൂം രൂപതയില്‍ കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി അര്‍പ്പിച്ചു കൊണ്ടിരിക്കുന്ന ദിവ്യബലിക്ക് ആസ്‌ട്രേലിയന്‍ കത്തോലിക്ക മെത്രാന്‍ സംഘം ഔപചാരികമായ അംഗീകാരം നല്‍കി. ഇത് വത്തിക്കാന്റെ അനുമതിക്കായി സമര്‍പ്പിച്ചു. ആദിവാസി സാംസ്‌കാരിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ലിറ്റര്‍ജി. 9 ഇടവകകളിലായി 13,000 കത്തോലിക്കരാണ് ഈ രൂപതയിലുള്ളത്.
ലിറ്റര്‍ജിക്ക് ലഭിച്ച അനുമതി ഒരു നാഴികക്കല്ല് ആണെന്ന് ബ്രൂം രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മൈക്കിള്‍ മോറിസേ പറഞ്ഞു. ഒന്നിലേറെ പ്രാദേശിക ആദിവാസി ഭാഷകള്‍ ഉപയോഗിക്കുന്ന ഈ കുര്‍ബാന ക്രമം 1973-ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നത്. ലാറ്റിന്‍ കുര്‍ബാനയെ ആദിവാസി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും തദ്ദേശീയ സാംസ്‌കാരിക സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കുകയുമാണ് ചെയ്തിട്ടുള്ളത്.