
മതദൂഷണക്കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവവിശ്വാസിയായ ആസ്യ ബിബി നല്‍കിയ അപ്പീലിന്മേല്‍ വിധി പറയുന്നത് പാക് സുപ്രീം കോടതി മാറ്റി വച്ചു. മൂന്നംഗ ബെഞ്ചാണ് കേസില്‍ സുപ്രീം കോടതിയില്‍ വാദം കേട്ടത്. വിധി പ്രഖ്യാപിക്കാത്തതിന്‍റെ കാരണം വ്യക്തമാക്കപ്പെട്ടിട്ടില്ല.
2010-ലാണ് ആസ്യ ബിബി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. അന്നു മുതല്‍ അവരെ ശിക്ഷയില്‍ നിന്നു മോചിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പാക് കോടതികളിലെ നിയമപോരാട്ടങ്ങളും നടന്നു വരികയാണ്. 2009-ലാണ് കേസുണ്ടാകുന്നത്. അയല്‍വാസികള്‍ തമ്മിലുണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്ന് ആസ്യ ബിബിക്കു മേല്‍ മതദൂഷണക്കുറ്റം വ്യാജമായി ചുമത്തപ്പെടുകയായിരുന്നുവെന്നാണ് അവര്‍ ആരോപിക്കുന്നത്. അയല്‍ക്കൂട്ടത്തിലെ ഏക ക്രിസ്ത്യന്‍ കുടുംബമാണ് ആസ്യയുടേത്. മുസ്ലീമായി മതംമാറ്റം നടത്തുന്നതിനുള്ള നിരവധി സമ്മര്‍ദ്ദങ്ങളെ അവര്‍ക്കവിടെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് കേസുണ്ടായതെന്നും ആരോപിക്കപ്പെടുന്നു.
കീഴ്ക്കോടതി വിധിച്ച വധശിക്ഷ 2014-ല്‍ ലാഹോര്‍ ഹൈക്കോടതി ശരി വയ്ക്കുകയായിരുന്നു. 2015-ല്‍ ഇവരുടെ അപ്പീല്‍ സുപ്രീം കോടതി സ്വീകരിച്ചു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പ യും ആസ്യ ബിബിയുടെ മോചനത്തിനു വേണ്ടി അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ഇവരുടെ ഭര്‍ത്താവും മകളും റോമിലെത്തി മാര്‍പാപ്പയെ കാണുകയും ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനു പാക്കിസ്ഥാനില്‍ മതദൂഷണനിയമം ദുരുപയോഗിക്കപ്പെടുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം കേസുകളില്‍ പ്രതികളെ വിട്ടയയ്ക്കാന്‍ ജഡ്ജിമാര്‍ ഭയപ്പെടുന്ന സാഹചര്യവും ഉണ്ട്. പ്രതിക്കനുകൂലമായ വിധി നല്‍കിയാല്‍ ഭീകരസംഘടനകള്‍ ജഡ്ജിമാര്‍ക്കെതിരെ തിരിയും എന്നതുകൊണ്ടാണിത്.