അര്‍മീനിയന്‍ വംശഹത്യ മനുഷ്യവംശത്തിന്മേലുള്ള കളങ്കം -വത്തിക്കാന്‍

അര്‍മീനിയന്‍ വംശഹത്യ മനുഷ്യവംശത്തിന്മേലുള്ള കളങ്കം -വത്തിക്കാന്‍

അര്‍മീനിയന്‍ വംശഹത്യ മനുഷ്യവംശത്തിനു മേല്‍ പതിച്ച കളങ്കമാണെന്നു വത്തിക്കാന്‍ പൗരസ്ത്യസഭാകാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ലെയോനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു. വംശഹത്യ നടത്തിയവരും അതിനോട് ഉദാസീനത പുലര്‍ത്തി നിശബ്ദരായി നിലകൊണ്ടവരുമെല്ലാം ഈ കളങ്കമേറ്റിട്ടുള്ളവരാണെന്ന് അദ്ദേഹം വ്യക്തമാക്കി. അര്‍മീനിയന്‍ വംശഹത്യ ആരംഭിച്ചതിന്റെ 106-ാം വാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ച് ദിവ്യബലിയര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു കാര്‍ഡിനല്‍. റോമിലെ പൊന്തിഫിക്കല്‍ അര്‍മീനിയന്‍ കോളേജിലായിരുന്നു അനുസ്മരണ കര്‍മ്മങ്ങള്‍. 1915 ലാണ് ഒട്ടോമന്‍ മുസ്ലീം സാമ്രാജ്യം അര്‍മീനിയന്‍ ക്രൈസ്തവരെ കൊന്നൊടുക്കാന്‍ ആരംഭിച്ചത്. ഈ ക്രൂരത എട്ടു വര്‍ഷത്തോളം നീണ്ടു നിന്നു. അതിനിടെ ധാരാളം കൂട്ടക്കൊലകളും പട്ടിണിമരണങ്ങളും മര്‍ദ്ദനങ്ങളും പലായനങ്ങളും അരങ്ങേറി. 15 ലക്ഷത്തോളം അര്‍മീനിയന്‍ ക്രൈസ്തവര്‍ 8 വര്‍ഷം കൊണ്ടു കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കിയിരിക്കുന്നത്.

വംശഹത്യയുടെ ഇരകളുടെ അനന്തര തലമുറകള്‍ക്കു തങ്ങളുടെ വിശ്വാസം നഷ്ടമായില്ലെന്നും ഇന്നും അവര്‍ സ്വന്തം വിശ്വാസം പ്രഘോഷിച്ചുകൊണ്ടിരിക്കുകയാണെന്നും കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. വംശഹത്യയില്‍ ജീവന്‍ നഷ്ടപെട്ടവര്‍ ദൈവത്തിന്റെ സുഹൃത്തുക്കളാണെന്നു കരുതി നമുക്ക് ആശ്വസിക്കാന്‍ ഇന്നു കഴിയണം. ലോകചരിത്രത്തിലെന്ന പോലെ നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും തിന്മ എന്ന പ്രശ്‌നത്തെ കുറിച്ചു വിചിന്തനം ചെയ്യാന്‍ ഈ അനുസ്മണം കാരണമാകണം. ചെറിയ തിന്മകളുടെ പരമ്പര സൃഷ്ടിക്കുന്ന മയക്കമാണ് വലിയ തിന്മകള്‍ക്കു കാരണമാകുന്നത്. -കാര്‍ഡിനല്‍ പറഞ്ഞു.

Related Stories

No stories found.