സായുധ പോരാട്ടം നിറുത്തണമെന്ന് മാര്‍പാപ്പയും ജെറുസലേം പാത്രിയര്‍ക്കീസും

സായുധ പോരാട്ടം നിറുത്തണമെന്ന് മാര്‍പാപ്പയും ജെറുസലേം പാത്രിയര്‍ക്കീസും
Published on

ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചിരിക്കെ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പോരാട്ടം ഉടന്‍ അവസാനിപ്പിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയും ജെറുസലേം ലാറ്റിന്‍ കാത്തലിക് പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ പിയെര്‍ബാറ്റിസ്റ്റ് പിസബല്ലായും ആവശ്യപ്പെട്ടു. പലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നത്തിന് സമഗ്രവും സുസ്ഥിരവുമായ ഒരു പരിഹാരം അടിയന്തിരമായി കണ്ടുപിടിക്കണമെന്നാണ് ഇപ്പോഴത്തെ യുദ്ധപ്രഖ്യാപനവും നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നു കാര്‍ഡിനല്‍ പിസബല്ലാ ചൂണ്ടിക്കാട്ടി.

യുദ്ധവും ഭീകരവാദവും ഒരു പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ സന്ദര്‍ശകരെ അഭിസംബോധന ചെയ്യുമ്പോള്‍ വ്യക്തമാക്കി. അനേകം നിരപരാധികളുടെ മരണത്തിനും സഹനത്തിനും മാത്രമേ ഇതെല്ലാം കാരണമാകൂ. യുദ്ധം പരാജയമാണ്. എല്ലാ യുദ്ധങ്ങളും പരാജയങ്ങളാണ്. യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും ഇരകളോടൊപ്പം താനുണ്ടെന്നും മാര്‍പാപ്പ പ്രസ്താവിച്ചു

അക്രമങ്ങള്‍ വിദ്വേഷവും ഭിന്നതയും വീണ്ടും വര്‍ദ്ധിപ്പിക്കുമെന്നു കാര്‍ഡിനല്‍ പിസബല്ല പറഞ്ഞു. സുസ്ഥിരത പിന്നെയും തകരും. സമാധാനവും പരസ്പരധാരണയും ഉണ്ടാക്കുന്നതിനായി ലോകനേതാക്കള്‍ പെട്ടെന്ന് ഇടപെടട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ജെറുസലേം എല്ലാ ജനതകളുടെയും ഒരു പ്രാര്‍ത്ഥനാകേന്ദ്രമായി മാറട്ടെ. -കാര്‍ഡിനല്‍ പറഞ്ഞു. തന്നെ കാര്‍ഡിനല്‍ പദവിയിലേക്ക് ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org