
അര്‍ജന്റീനയിലെ സാന്‍ നിക്കോളാസ് ബിഷപ് കാര്‍ലോസ് ഡി ലിയോണിന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടു. 1977 ലായിരുന്നു ബിഷപ് ഡി ലിയോണിന്റെ മരണം. ബിഷപ് സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഒരു ട്രക്ക് ഇടിച്ചാണ് മരണമുണ്ടായത്. എന്നാല്‍, അന്നത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന പരിക്കുകളല്ല ബിഷപ്പിന്റെ ശരീരത്തിലുണ്ടായിരുന്നതെന്ന് പിന്നീട് ഒരു പരിശേധനയില്‍ കണ്ടെത്തിയിരുന്നു. ബിഷപ്പിനെതിരെ അന്നത്തെ സ്വേച്ഛാധിപത്യഭരണകൂടം നിരവധി രഹസ്യാന്വേഷണങ്ങളും ഭീഷണികളും നടത്തിയിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇതൊരു കൊലപാതകമാകാമെന്ന സംശയമുണ്ടായതും ബന്ധപ്പെട്ടവര്‍ കോടതിയെ സമീപിച്ചതും.
1966 ലായിരുന്നു ബിഷപ് ഡി ലിയോണിന്റെ മെത്രാഭിഷേകം. 1977 ല്‍ തന്റെ മരണം വരെ, സ്വേച്ഛാധിപത്യഭരണകൂടത്തിന്റെ നിശിത വിമര്‍ശകനായിരുന്നു ബിഷപ്. ബിഷപ് എന്റിക് ഏഞ്ജലെല്ലിയുടെ കൊലപാതകമുള്‍പ്പെടെയുള്ള മനുഷ്യാവകാശധ്വംസനങ്ങളെ തുറന്നു കാണിച്ചിരുന്നയാളായിരുന്നു ബിഷപ് ഡി ലിയോണ്‍. ബിഷപ് ഏഞ്ജലെല്ലിയും ഒരു വ്യാജ കാറപടകത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഈ കൊലപാതകം തെളിയുകയും അതിലെ പ്രതികളായ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ 38 വര്‍ഷത്തിനു ശേഷം 2014 ല്‍ ജീവപര്യന്തം തടവിനു വിധിക്കുകയും ചെയ്തിരുന്നു. ബിഷപ് ഏഞ്ജലെല്ലിയുടെ രക്തസാക്ഷിത്വം സഭ അംഗീകരിക്കുകയും 2019 ല്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തു.