വത്തിക്കാന്‍ ലൈബ്രറിയിലെ പുരാരേഖകള്‍ ദുബായ് എക്‌സ്‌പോയില്‍

വത്തിക്കാന്‍ ലൈബ്രറിയിലെ പുരാരേഖകള്‍ ദുബായ് എക്‌സ്‌പോയില്‍

വത്തിക്കാന്‍ അപ്പസ്‌തോലിക് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള മൂന്നു അമൂല്യമായ പുരാതന കൈയെഴുത്തുപ്രതികള്‍ ദുബായ് എക്‌സ്‌പോയിലെ സഭയുടെ പവിലിയനില്‍ പ്രദര്‍ശിപ്പിക്കുന്നു. വത്തിക്കാന്‍ സാംസ്‌കാരിക കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ജാന്‍ഫ്രാങ്കോ റവാസി എക്‌സ്‌പോയുടെ ഉദ്ഘാടനത്തിനെത്തിയിരുന്നു. സാഹോദര്യത്തിന്റെയും മതാന്തര-സംസ്‌കാരാന്തര സംഭാഷണത്തിന്റെയും പശ്ചാത്തലത്തില്‍ വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള സമാഗമമാണ് എക്‌സ്‌പോയില്‍ നടക്കുന്നതെന്നു വത്തിക്കാന്‍ സൂചിപ്പിച്ചു.
എ ഡി 800 നും 830 നും ഇടയില്‍ ബാഗ്ദാദില്‍ വച്ചു രചിക്കപ്പെട്ടതാണ് വത്തിക്കാന്‍ ലൈബ്രറി ഇവിടെ എത്തിച്ചിരിക്കുന്ന രേഖകളില്‍ ഏറ്റവും പുരാതനം. ടോളമിയെ കുറിച്ച് അലക്‌സാണ്ട്രിയായിലെ ഗ്രീക് പണ്ഡിതനായ തിയോണ്‍ തുകല്‍ച്ചുരുളില്‍ എഴുതിയ പുസ്തകമാണിത്. പലസ്തീനായിലെ ക്രൈസ്തവ സന്യാസിമാര്‍ പില്‍ക്കാലത്തു വിപണിയില്‍ നിന്നു സ്വന്തമാക്കി സൂക്ഷിച്ചിരുന്ന ഗ്രന്ഥം പിന്നീടു വത്തിക്കാന്‍ ലൈബ്രറിയിലെത്തുകയായിരുന്നു. ഇത് നൂറ്റാണ്ടുകള്‍ക്കു മുമ്പു വത്തിക്കാന്റെ ഉടമസ്ഥതയിലെത്തിയത് എപ്രകാരമാണെന്നു വിശദീകരിക്കുന്ന ഒരു ഹ്രസ്വചിത്രവും വത്തിക്കാന്‍ അധികാരികള്‍ തയ്യാറാക്കിയിട്ടുണ്ട്.
1170 നും 1250 നും ഇടയില്‍ ലിയോനാര്‍ദോ ഫിബോനാച്ചി രചിച്ച അറബി സംഖ്യകളെ കുറിച്ചുള്ള ഒരു പുസ്തകവും 16 -ാം നൂറ്റാണ്ടില്‍ ജ്യോതിശാസ്ത്രജ്ഞനായ തോമസ് ഡി ഓര്‍ത്ത രചിച്ച ഗ്രിഗോറിയന്‍ കലണ്ടര്‍ പരിഷ്‌കാരത്തെ കുറിച്ചുള്ള പുസ്തകവുമാണ് വത്തിക്കാന്‍ ലൈബ്രറിയില്‍ നിന്ന് ദുബായ് എക്‌സ്‌പോയിലെത്തിച്ചിട്ടുള്ള മറ്റു രണ്ടു പുരാതന രേഖകള്‍.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org